തീവ്രവാദക്കേസിലെ പ്രതിയെ പൊലീസ് കുടുക്കിയതാണെന്ന ആരോപണവുമായി അഭിഭാഷകൻ

By: 600110 On: Dec 10, 2024, 2:51 PM

 

തിവ്രവാദക്കേസിൽ പിടിയിലായ പാകിസ്ഥാൻ വിദ്യാർത്ഥി മുഹമ്മദ് ഷാസെബ് ഖാനെ  എഫ്ബിഐ കുടുക്കിയതാണെന്ന ആരോപണവുമായി അഭിഭാഷകൻ. ഷാസെബിനെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടികൾക്ക് കാനഡയുടെ നീതിന്യായ മന്ത്രി അടുത്തിടെ അനുമതി നൽകിയിരുന്നു. 

ഫേസ്ബുക്കിൽ പതിവായി തീവ്രവാദ ആശയങ്ങളുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്തതോടെയാണ്  മുഹമ്മദ് ഷാസെബ് ഖാൻ എഫ്ബിഐ ഏജൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. എഫ്ബിഐയുടെ നിർദ്ദേശമനുസരിച്ച് ഈ ഏജൻ്റ് ഷാസെബുമായി സൌഹൃദം സ്ഥാപിച്ചു. തുടർന്ന് ഇയാൾക്ക് 
ഷാസെബ് ഐഎസ് ആശയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയും ബുക്കും അയച്ചു നല്കിയതായാണ് യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. ഐഎസിനെ പിന്തുണയ്ക്കുന്നവരെ ഒരുമിച്ച് ചേർത്ത് ജൂതന്മാർക്കെതിരെ ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടതായി കോടതിയിൽ സമർപ്പിച്ച രേഖകളിലുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തിൻ്റെ വാർഷികത്തിൽ ബ്രൂക്ലിനിലെ ജൂത സെൻ്റർ ആക്രമിക്കുകയായിരുന്നു ഇയാളുടെ പദ്ധതി.

  എഫ്ബിഐയുടെ നിർദ്ദേശങ്ങളനുസരിച്ചാണ് ആർസിഎംപി ഇയാൾക്കെതിരെയുള്ള നടപടികൾക്ക് തുടക്കമിട്ടത്.  സ്റ്റുഡൻ്റ് വിസയിൽ കാനഡയിലെത്തിയ മുഹമ്മദ് ഷാസെബ് ഒൻ്റാരിയോയിലെ മിസിസാഗയിലായിരുന്നു താമസിച്ചിരുന്നത്. മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിന് ഒടുവിൽ സെപ്തംബർ 4ന് ക്യൂബെക്കിലെ യുഎസ് അതിർത്തിക്ക് സമീപത്ത് വച്ചാണ് ആർസിഎംപിയുടെ ദേശീയ സുരക്ഷാ യൂണിറ്റ് ഷാസെബിനെ  അറസ്റ്റു ചെയ്തത്. പതിനാറോളം പേജ് വരുന്ന തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് യുഎസ് കോടതിയിൽ ഹാജരാക്കിയത്. ഖാൻ്റെ ഐഎസിനുള്ള പിന്തുണയെക്കുറിച്ചും കൂട്ടക്കൊല നടത്താൻ തയ്യാറാക്കിയ ഗൂഢാലോചനയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ  കുറ്റപത്രത്തിലുണ്ട്. ഷാസെബിനെ കൈമാറാനുള്ള നടപടികൾക്ക് അനുമതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ക്യൂബെക്ക് സുപ്പീരിയർ കോടതിയിൽ രേഖ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കേസിൽ ഷാസെബിനെ കുടുക്കിയതാണെന്ന ആരോപണവുമായി അഭിഭാഷകൻ രംഗത്തെത്തിയത്.