ലോകത്തിലെ ഏറ്റവും വലിയ AI ഡാറ്റാ സെൻ്റർ ആൽബർട്ടയിൽ

By: 600110 On: Dec 10, 2024, 12:50 PM

ലോകത്തിലെ ഏറ്റവും വലിയ AI ഡാറ്റാ സെൻ്റർ ആൽബർട്ടയിൽ സ്ഥാപിക്കും. വടക്കുപടിഞ്ഞാറൻ ആൽബർട്ടയിൽ സെൻ്റർ നിർമ്മിക്കാനാണ് ഒരുങ്ങുന്നത്. ഏകദേശം 70 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുനിസിപ്പൽ ഡിസ്ട്രിക്റ്റും കനേഡിയൻ കോടീശ്വരനായ കെവിൻ ഒ ലിയറിയുടെ നേതൃത്വത്തിലുള്ള  ഒ ലിയറി വെഞ്ച്വേഴ്സും തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 

വണ്ടർവാലി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമായും ഗ്രീൻവ്യൂ ഇൻഡസ്ട്രിയൽ ഗേറ്റ് വേയിലായിരിക്കും (ജിഐജി) സ്ഥാപിക്കുക. പദ്ധതിക്കായി ജിഐജിയുടെ പരിസരത്തായി ആയിരക്കണക്കിന് ഏക്കറുകൾ വാങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമായി ജിഐജിയും ഒ ലിയറി വെഞ്ച്വേഴ്സും തമ്മിൽ കരാർ  ഒപ്പിട്ടു. കാനഡയുടെ നവീകരണത്തിൻ്റെയും സാമ്പത്തിക വിപുലീകരണത്തിൻ്റെയും ഭാവിയിലേക്കുള്ള നിക്ഷേപമാണിതെന്ന് ഗ്രീൻവ്യൂവിൻ്റെ  എംഡി  റീവ് ടൈലർ ഓൾസെൻ പറഞ്ഞു. തങ്ങളുടെ മുനിസിപ്പാലിറ്റിക്ക് മാത്രമല്ല ചുറ്റുമുള്ള കമ്മ്യൂണിറ്റികൾക്കും രാജ്യത്തിന് മൊത്തത്തിലും ശാശ്വതമായ നേട്ടങ്ങൾ സൃഷ്ടിക്കുന്ന ഈ ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ'ലിയറിയുടെ അഭിപ്രായത്തിൽ, "അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ ഹൈപ്പർസ്‌കെയിലറുകൾക്ക് 7.5 GW വൈദ്യുതി കുറഞ്ഞ ചെലവിൽ  ഉൽപ്പാദിപ്പിക്കാനും ഇതുവഴി സാധിക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗും ഡാറ്റാ സൊല്യൂഷനുകളും നൽകാൻ കഴിയുന്ന വലിയ തോതിലുള്ള ഡാറ്റാ സെൻ്ററുകളാണ് ഹൈപ്പർസ്കെയിലറുകൾ.

പദ്ധതി  ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ 1.4 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും, അതിനുശേഷം ഓരോ വർഷവും ഒരു ജിഗാവാട്ട് അധികമായി ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തിന് ഏകദേശം 2.8 ബില്യൺ ഡോളർ ആണ്  ചിലവ് പ്രതീക്ഷിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ, പവർ, ഡാറ്റാ സെൻ്ററുകൾ, അനുബന്ധ ഘടനകൾ എന്നിവയ്ക്കായി മൊത്തം  70 ബില്യൺ ഡോളറിലധികം നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.