എഡ്മൻ്റണിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ സെക്യൂരിറ്റി ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളൂ എന്ന് കുടുംബം. വെള്ളിയാഴ്‌ച പുലർച്ചെ 12:30 ഓടെയാണ് രണ്ടു പേർ ചേർന്ന് സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ സിംഗ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഹരിയാന സ്വദേശിയായ ഹർഷൻദീപ് സിംഗ് ഒന്നര വർഷം മുൻപ് സ്റ്റുഡൻ്റ് വിസയിലാണ് കാനഡയിലെത്തിയത്. നോർക്വസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഹർഷൻദീപ് സിംഗ് എന്നും കുടുംബാംഗങ്ങൾ അറിയിച്ചു. സിംഗിൻ്റെ മാതാപിതാക്കൾ ഇന്ത്യയിലാണ്. മാതാവിനെയും സഹോദരിയെയും ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ട വിവരം ഇത് വരെ അറിയിച്ചിട്ടില്ല. അമ്മായിയും അമ്മാവനും വിന്നിപെഗിലാണ് താമസിക്കുന്നതെന്നും സിംഗ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവർ എഡ്മൻ്റണിലേക്ക് തിരിച്ചിട്ടുണ്ടെന്നും കുടുംബത്തിൻ്റെ വക്താവ് ഗഗൻദീപ് സിംഗ് പറഞ്ഞു.
സിംഗിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇവാൻ റെയിൻ (30), ജൂഡിത്ത് സോൾട്ടോക്സ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് എതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം ചുമത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിസിടിവി ദൃശ്യം പ്രചരിക്കുന്നുണ്ടെങ്കിലും അതിൻ്റെ ആധികാരികതയെക്കുറിച്ച് വ്യക്തമാക്കാൻ പൊലീസ് തയ്യാറായിട്ടില്ല.