ബ്രിട്ടീഷ് കൊളംബിയ അതിർത്തി വഴി ഡസൻ കണക്കിന് അനധികൃത കുടിയേറ്റക്കാരെ കാൽനടയായും ചരക്ക് ട്രെയിനിലും കടത്താൻ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട് . കുടിയേറ്റവുമായി ബന്ധപ്പെട്ട് പിടിയിലായ ഒറിഗൺ നിവാസി കോടതിയിലാണ് ഈ കുറ്റസമ്മതം നടത്തിയത്.യുഎസ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിൽ കാനഡ പരാജയപ്പെട്ടെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത് വരുന്നത്.
25 പേരെയെങ്കിലും നിയമവിരുദ്ധമായി വാഷിംഗ്ടണിൽ താമസിക്കാൻ സഹായിച്ചെന്ന് ജീസസ് ഒർട്ടിസ്-പ്ലാറ്റ എന്നയാൾ കഴിഞ്ഞയാഴ്ച സിയാറ്റിലിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമ്മതിച്ചിരുന്നു. അതിർത്തി കടന്നുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഇത്.അതിർത്തിയുടെ ഇരുവശത്തുമുള്ള മനുഷ്യക്കടത്ത് എത്രത്തോളം വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കേസ് .
ബ്രിട്ടീഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിൽ നിരവധി കള്ളക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതായി കേസ് അന്വേഷണ തലവനായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് സ്പെഷ്യൽ ഏജൻ്റ് ഡേവിഡ് സ്പിറ്റ്സർ അറിയിച്ചു. 5,000 ഡോളർ മുതൽ 10,000 യു.എസ് ഡോളർ വരെ ഈടാക്കിയാണ് ഇവർ അതിർത്തി വഴി അനദികൃതമായി ആളെ കടത്തുന്നത്.