സാല്‍മൊണല്ല അണുബാധയുണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി കാനഡയിലെ മൂന്ന് പ്രവിശ്യകളില്‍ വിറ്റഴിച്ച ക്യുക്കംബര്‍ തിരിച്ചുവിളിച്ചു. അമേരിക്കന്‍ കമ്പനിയായ സണ്‍ഫെഡ് പ്രൊഡ്യൂസിന്റെ ക്യുക്കംബറാണ് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളില്‍ തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 12 നും നവംബര്‍ 26 നും ഇടയില്‍ വിറ്റഴിച്ച ക്യുക്കംബറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബള്‍ക്ക് കാര്‍ഡ്‌ബോര്‍ഡ് കണ്ടെയ്‌നറുകളില്‍ സണ്‍ഫെഡ് എന്ന ലേബലില്‍ അല്ലെങ്കില്‍ Agrotato, S.A.de C.V എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കറോടുകൂടിയ കറുത്ത പ്ലാസ്റ്റിക് ക്രേറ്റുകളിലാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്.
സണ്‍ഫെഡ് ക്യുക്കംബര്‍ ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 15 വരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാല്‍മൊനെലോസിസ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. എന്നാല്‍ കാനഡയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിഎഫ്‌ഐഎ അറിയിച്ചു. സാല്‍മൊണല്ല അണുബാധ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതര ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.