ചെന്നൈ: നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനും നടന്‍ ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് വക്കീല്‍ മുഖേന മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര. നയന്‍താരയുടെയും വിഘ്നേഷിന്‍റെയും പ്രണയവും വിവാഹവും പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര ബീയോണ്ട് ദ ഫെയറി ടെയിലില്‍ ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ബിഹെയ്ന്‍റ് ദ സീന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. പകര്‍പ്പവകാശ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ലിക്സിനും ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തുവെന്നാണ് വിവരം.
അതേ സമയം തന്നെയാണ് ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് നയന്‍താര നല്‍കിയ മറുപടിയും പുറത്തുവരുന്നത്. പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. നയൻതാരയെയും വിഘ്‌നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈന്‍റ് ദ സീന്‍ രംഗങ്ങള്‍ അല്ലെന്നാണ് നയന്‍താര വാദിക്കുന്നത്.
"ഒരു ലംഘനവും നടന്നില്ലെന്നാണ് ഞങ്ങളുടെ പ്രതികരണം, കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദ സീന്‍ ഭാഗമല്ല, അത് വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല" എന്നാണ് മറുപടിയിലെ വാക്കുകള്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.