പണിമുടക്കിയ തൊഴിലാളികളെ താൽക്കാലികമായി പിരിച്ചുവിട്ടതായി കാനഡ പോസ്റ്റ് .55,000-ലധികം വരുന്ന കാനഡ പോസ്റ്റിലെ തൊഴിലാളികളുടെ സമരം രണ്ടാഴ്ചയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
പിരിച്ചുവിടൽ നടപടിയെ ഭയപ്പെടുത്തൽ തന്ത്രമെന്നാണ് അംഗങ്ങൾക്കയച്ച നോട്ടീസിൽ കനേഡിയൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ വിശേഷിപ്പിച്ചത്. സാഹചര്യം പരിശോധിച്ചു വരികയാണെന്നും യൂണിയൻ പറയുന്നു. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്ന കാനഡ ലേബർ കോഡിലെ ഒരു വകുപ്പും, അംഗങ്ങൾക്കയച്ച നോട്ടീസിൽ യൂണിയൻ ചൂണ്ടിക്കാട്ടുന്നുണ്ട്. പിരിച്ചു വിടൽ വാർത്ത കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു സ്ഥിരീകരിച്ചു. തൊഴിലാളികളുടെ സമരം കാരണം കാനഡ പോസ്റ്റിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നതായി അവർ പറഞ്ഞു. കാനഡ ലേബർ കോഡ് അനുസരിച്ച്, കൂട്ടായ കരാറുകൾ ഇനി മുതൽ പ്രാബല്യത്തിലില്ലെന്നും സമരത്തിൻ്റെ പശ്ചാത്തലത്തിൽ, തൊഴിൽ വ്യവസ്ഥകൾ മാറിയിട്ടുണ്ടെന്നും സ്ഥാപനം ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.