വർദ്ധിച്ചു വരുന്ന കുടിയേറ്റങ്ങളിൽ കാനഡയിലെ പകുതിയോളം പേരും അസംതൃപ്തരെന്ന് റിപ്പോർട്ട് . കാനഡയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇമിഗ്രേഷനാണ് പഠനം നടത്തിയത്. രാജ്യത്തേക്ക് ആവശ്യത്തിലധികം കുടിയേറ്റക്കാർ എത്തുന്നു എന്നാണ് കൂടുതൽ പേരും കരുതുന്നത്.
2023 നവംബറിൽ രണ്ടാഴ്‌ച കാലയളവിലാണ് ഐആർസിസി ഓൺലൈൻ ട്രാക്കിംഗ് സർവേ നടത്തിയത്. ഹമാസിൻ്റെ ഇസ്രയേൽ ആക്രമണവും തുടർന്നുള്ള പ്രതിഷേധങ്ങളും രൂക്ഷമായ സമയമായിരുന്നു ഇത്. സർവ്വേയിൽ കുടിയേറ്റവിരുദ്ധ വികാരം കൂടുതൽ രേഖപ്പെടുത്തിയത് സസ്കാച്ചെവാനിലാണ്. 58% ശതമാനത്തോളം പേരാണ് ഇവിടെ കുടിയേറ്റ വിരുദ്ധ നിലപാട് രേഖപ്പെടുത്തിയത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 56ഉം, ഒൻ്റാരിയോയിൽ 52ഉം, ആൽബർട്ടയിൽ 48ഉം ശതമാനമാണ് കുടിയേറ്റങ്ങളോടുള്ള എതിർപ്പ്. ഇമിഗ്രേഷൻ ലെവലിനെക്കുറിച്ചുള്ള കാനഡക്കാരുടെ ധാരണകൾ, കുടിയേറ്റത്തിൻ്റെ സ്വാധീനം, കാനഡയുടെ ഇമിഗ്രേഷൻ സംവിധാനവും മുൻഗണനകളും, കുടിയേറ്റക്കാരുടെ സെറ്റിൽമെൻ്റും ഏകീകരണവും തുടങ്ങിയവയെല്ലാം പഠനത്തിൻ്റെ പരിധിയിൽ വന്നു. 2024-ൽ 4,85,000 കുടിയേറ്റക്കാരെ കാനഡയിലേക്ക് അനുവദിക്കാമെന്ന് സർക്കാർ നിർദ്ദേശിച്ച സമയത്ത്, ഇത് കൂടുതലാണെന്നാണ് 56 ശതമാനം പേർ പ്രതികരിച്ചത്. തൊഴിൽ മേഖലകളെ ശക്തിപ്പെടുത്താൻ വിദഗ്ദ്ധരായ കുടിയേറ്റക്കാരെ തിരയുന്നതിനുപകരം തൊഴിൽരഹിതരായ കാനഡക്കാരെ അതിന് പ്രാപ്തരാക്കുകയാണ് വേണ്ടത് എന്നാണ് 58 ശതമാനം പേരും സർവ്വേയിൽ വ്യക്തമാക്കിയത്.