ഇത്രയധികം പണം ഉണ്ടായിട്ടും, ജീവനക്കാര്‍ക്കെല്ലാം കോടികള്‍ ശമ്പളം കൊടുത്തിട്ടും കുറച്ച് പണം മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടായിരുന്നോ… കൊക്ക കോളയുടെ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ അമേരിക്കക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനമാണിത്. വളരെ വ്യത്യസ്തമായ പരസ്യം എന്ന് അവകാശപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നിര്‍മിച്ച പരസ്യ വീഡിയോകളാണ് കൊക്ക കോളയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. യൂട്യൂബില്‍ പരസ്യ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കൊക്ക കോളയ്ക്കെതിരെ വിമര്‍ശനപ്പെരുമഴയാണ് അമേരിക്കയില്‍.
മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്രിസ്മസ് പരസ്യങ്ങള്‍ ആണ് കമ്പനി അമേരിക്കയില്‍ അവതരിപ്പിച്ചത്. വികലമായ ദൃശ്യങ്ങള്‍, മുഖഭാവങ്ങളിലെ കൃത്രിമത്വം, അസ്വാഭാവികമായ ചലനങ്ങള്‍, എന്നിവയുള്‍പ്പെടെ എഐ സൃഷ്ടിച്ച പരസ്യത്തിലെ പിഴവുകള്‍ എല്ലാം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സീക്രട്ട് ലെവല്‍, സില്‍വര്‍സൈഡ് എഐ, വൈല്‍ഡ് കാര്‍ഡ് എന്നിങ്ങനെ മൂന്ന് എഐ സ്റ്റുഡിയോകളാണ് ഈ പുതിയ എഐ നിര്‍മ്മിത പരസ്യങ്ങള്‍ സൃഷ്ടിച്ചത്. ക്രിസ്മസ് ലൈറ്റുകളും സാന്താക്ലോസിന്‍റെ ചിത്രങ്ങളും ഉള്ള ചുവന്ന ഡെലിവറി ട്രക്കുകള്‍, പുഞ്ചിരിക്കുന്ന ഉപഭോക്താക്കളുടെ രണ്ട് ഷോട്ടുകള്‍, ഒരു കുപ്പി കോക്ക് കൈവശം വയ്ക്കുന്നത് എന്നിവയാണ് വീഡിയോയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. ട്രക്കിന്‍റെ ചക്രങ്ങള്‍ കറങ്ങാതെ നിലത്തുകൂടി തെന്നിനീങ്ങുകയാണ് വീഡിയോയില്‍. ക്രിസ്മസ് ലൈറ്റുകളുടെയും കെട്ടിടങ്ങളുടെയും രൂപങ്ങളിലെ പാളിച്ചകളും വീഡിയോകളില്‍ മുഴച്ചുനില്‍ക്കുന്നതായി ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്.