ടൊറൻ്റോയിൽ വാഹന മോഷണം പതിവ് കഥയാണ്. എന്നാൽ മഞ്ഞുവീഴ്ചയും തണുപ്പ് കാലവും ആയതോടെ വാഹനമോഷണം കൂടാൻ സാധ്യതയുണ്ടെന്ന് ടൊറൻ്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. തണുപ്പ് കാലത്ത് വാഹനം ഓടിക്കുന്നതിന് മുൻപായി ചൂടാക്കാൻ സ്റ്റാർട്ട് ചെയ്തിടുന്ന പതിവുണ്ട്.വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് വാഹന ഉടമ പുറത്തിറങ്ങുന്ന തക്കം നോക്കി, മോഷ്ടാക്കൾ അതിൽ കയറി ഓടിച്ച് പോകുന്ന സംഭവങ്ങൾ തണുപ്പുകാലത്ത് റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ച സ്കാർബറോയിൽ ഇത്തരം മൂന്ന് വാഹന മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ടിപിഎസ് പറയുന്നു. തണുത്ത കാലാവസ്ഥ കുറ്റവാളികൾക്ക് വാഹനങ്ങളെ ടാർഗെറ്റുചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പൊലീസ് പറയുന്നു. ഇത് വാഹനം ഓടിക്കുന്നവർക്കും അപകട സാധ്യതയുണ്ടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. വാഹനമോഷണം ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ടൊറൻ്റോ പോലീസ് പറയുന്നു.
• വാഹനം സ്റ്റാർട്ട് ചെയ്ത് വെച്ച് ഒരിക്കലും പോകരുത്
• എപ്പോഴും താക്കോലുകൾ നിങ്ങളുടെ കൂടെ കരുതുക. വാഹനത്തിൽ വെക്കരുത്
• നല്ല വെളിച്ചമുള്ള സ്ഥലത്ത് പാർക്ക് ചെയ്യുക
• വാഹനത്തിൻ്റെ ഡോറുകൾ അടച്ചു വെന്ന് ഉറപ്പുവരുത്തുക
• വാഹനം ചൂടാക്കാൻ കീലെസ്സായ റിമോട്ട് സ്റ്റാർട്ടർ സിസ്റ്റം ഉപയോഗിക്കുക
അതേസമയം, 2023 ഡിസംബറിൽ പ്രൊജക്ട് അറ്റയർ ആരംഭിച്ചതിന് ശേഷം വാഹന മോഷണങ്ങളിൽ കുറവു വരുത്താൻ കഴിഞ്ഞതായി ഡർഹാം റീജിയണിലെ പോലീസ് പറഞ്ഞു.