ഫെഡറൽ സർക്കാറിൻ്റെ രണ്ട് മാസത്തെ വിൽപ്പന നികുതി ഇളവിനെ സ്വാഗതം ചെയ്യുന്നതായി ഒൻ്റാരിയോ. ഫെഡറൽ സർക്കാരിൻ്റെ ജെഎസ്ടി ഹോളിഡേയുമായി യോജിച്ചു പോകും വിധം നികുതി വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുമെന്ന് ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ പ്രവിശ്യാ റിബേറ്റുകളുടെ പരിധിയിൽ വരാത്ത ഇനങ്ങളിൽ നിന്ന് PST നീക്കം ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളാണ് സ്വീകരിക്കുക.
ഫോർഡ് സർക്കാർ പറയുന്നതനുസരിച്ച്, ഈ നീക്കം ഒൻ്റാരിയോ കുടുംബങ്ങൾക്ക് ഏകദേശം 1 ബില്യൺ ഡോളറിൻ്റെ അധിക ആശ്വാസം നൽകും. യോഗ്യരായ ഒൻ്റാരിയോക്കാർക്ക് 2025-ൽ ഫോർഡ് സർക്കാരിൽ നിന്ന് 200 ഡോളർ റിബേറ്റ് ചെക്കുകളും ലഭിക്കും. 2024 ഡിസംബർ 14 മുതൽ 2025 ഫെബ്രുവരി 15 വരെ തയ്യാറാക്കിയ ഭക്ഷണങ്ങൾ, റസ്റ്റോറൻ്റ് ഭക്ഷണം, കുട്ടികളുടെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പത്രങ്ങൾ, ചില ആൽക്കഹോൾ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾക്ക് GST ഈടാക്കില്ലെന്ന് ഫെഡറൽ ലിബറലുകൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വസന്തകാലത്ത് 18.7 ദശലക്ഷത്തിലധികം കനേഡിയക്കാർക്ക് 250 ഡോളർ നൽകാനും ഫെഡറൽ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഓട്ടവയുടെ GST ഇളവ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ വസ്ത്രങ്ങളും ഭക്ഷണവും പോലെയുള്ള സമാന ഇനങ്ങളിൽ നിന്ന് ഒൻ്റാറിയോ വളരെക്കാലമായി ഹാർമോണൈസ്ഡ് സെയിൽസ് ടാക്സിൻ്റെ പ്രവിശ്യാ ഭാഗം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഫെഡറൽ സർക്കാരിൻ്റെ ജിഎസ്ടി ഹോളിഡേയുമായി സഹകരിക്കില്ലെന്ന് എൻഡിപി നേതാവ് ജഗ്മീത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.