സമുദ്രനിരപ്പ് ഉയരുന്നത് കാനഡയെ വലിയ തോതിൽ ബാധിച്ചേക്കാമെന്ന് പഠനങ്ങൾ

By: 600110 On: Nov 28, 2024, 1:36 PM

 

വേലിയേറ്റം കാരണം ബ്രിട്ടീഷ് കൊളംബിയയിലെ രണ്ട് പ്രധാന നഗരങ്ങൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഉയരുന്ന സമുദ്രനിരപ്പ് കാനഡയിലെ തീരദേശ സമൂഹങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും മൈ ചോയ്സ് എന്ന കമ്പനി നടത്തിയ പഠനത്തിലുണ്ട്. 

സമുദ്രനിരപ്പ് ഉയരുന്ന പ്രവണത തുടരുകയാണെങ്കിൽ, വടക്കുപടിഞ്ഞാറൻ പസഫിക് മേഖലകളിൽ തീരശോഷണവും വേലിയേറ്റവും  കൂടാനാണ് സാധ്യതയെന്ന് നാസയും വ്യക്തമാക്കുന്നുണ്ട്. ഇതിൻ്റെ  ആഘാതം പ്രദേശങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. 2100-ഓടെ ശരാശരി സമുദ്രനിരപ്പ് 127.4 സെൻ്റീമീറ്റർ ഉയരുമെന്നും കാനഡയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന പ്രവിശ്യ ബിസി ആയിരിക്കുമെന്നും MyChoice പഠനം വ്യക്തമാക്കുന്നു. ഇത് ഏകദേശം 3.18 ദശലക്ഷത്തോളം ആളുകളെ ബാധിക്കും. വാൻകൂവറും വിക്ടോറിയയും പോലെയുള്ള തീരദേശ നഗരങ്ങളടക്കം 3,190 വാസസ്ഥലങ്ങൾ നേരിട്ട് വെള്ളപ്പൊക്ക ഭീഷണിയിലാവാനും സാധ്യതയുണ്ട്.  വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സമുദ്രനിരപ്പ് ഉയരുന്നതിൻ്റെ നിരക്ക് ഇരട്ടിയിലധികമാണ്. 1993 നും 2002 നും ഇടയിൽ പ്രതിവർഷം ശരാശരി 2.13 മില്ലീമീറ്ററിൽ നിന്ന്, 2014 മുതൽ 2023 വരെ പ്രതിവർഷം ഏകദേശം 4.77 മില്ലീമീറ്ററായി സമുദ്രനിരപ്പ് ഉയർന്നു. നൂറ്റാണ്ടിൻ്റെ അവസാനത്തോടെ കാനഡയുടെ തീരപ്രദേശത്ത് ഉടനീളം വെള്ളപ്പൊക്കം അനുഭവപ്പെടുമെന്ന് പ്രവചനമുണ്ട്. ഇവിടങ്ങളിൽ ൽ ഏകദേശം 3.9 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്റർ മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 11,814 വീടുകളെങ്കിലും 2100-ഓടെ വെള്ളത്തിനടിയിലാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു.