ഒൻ്റാരിയോയിൽ ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

By: 600110 On: Nov 28, 2024, 1:13 PM

 

ഒൻ്റാരിയോയുടെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്. ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഗ്രേറ്റ് തടാകങ്ങൾക്ക് മുകളിലുള്ള താപനിലയിലെ മാറ്റമാണ് ഇതിന് കാരണമായി പറയുന്നത്.

തടാകത്തിനും വായുവിനും ഇടയിലുള്ള താപനിലയിൽ ഉണ്ടാകുന്ന മാറ്റമാണ് വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യത കൂട്ടുന്നതെന്ന് ഗ്ലോബൽ ന്യൂസ് കാലാവസ്ഥാ നിരീക്ഷകൻ ആൻ്റണി ഫാർണൽ പറഞ്ഞു. അഞ്ച് ഗ്രേറ്റ് തടകാങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലാണ് കനത്ത മഞ്ഞു വീഴ്ച പ്രവചിക്കുന്നത്. ഇതു മൂലം യാത്രാ ബുദ്ധിമുട്ട് ഉണ്ടായേക്കാം. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റ് ചെറുതായി മാറുന്നതിനനുസരിച്ച്, മഞ്ഞുവീഴ്ചയും മാറും. കാറ്റ് തീവ്രമായാൽ, ഇടിക്കും മിന്നലിനുമൊപ്പം മണിക്കൂറിൽ എട്ട് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തിങ്കളാഴ്‌ച ഇത്  വളരെ ഉയരാനും സാധ്യതയുണ്ട്. വടക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത.  ഡിസംബർ 10 വരെ ശരാശരിയേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നാണ് പ്രവചനം. ഡിസംബർ 21-നാണ് ശീതകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്.