കാനഡക്കാർക്ക് ജിഎസ്ടി അവധിയും 250 ഡോളറും നൽകാനുള്ള ലിബറൽ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് എൻഡിപി നേതാവ് ജഗ്മീത് സിംഗ്. സർക്കാർ സഹായം നൽകുന്നവരുടെ പരിധി നിശ്ചയിച്ചതിൽ എതിർപ്പുണ്ട്. ആനുകൂല്യ പരിധിയിൽ മുതിർന്നവർ, വിദ്യാർത്ഥികൾ, വികലാംഗർ , കഴിഞ്ഞ വർഷം ജോലി ചെയ്യാൻ കഴിയാതിരുന്നവർ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്നും സിംഗ് പറഞ്ഞു.
റിബേറ്റ് ചെക്കുകൾ കഴിഞ്ഞ വർഷം 150,000 ഡോളറിൽ താഴെ സമ്പാദിച്ചവർക്ക് ലഭിക്കുമെന്ന് കരുതിയതിനാലാണ് ഈ ആശയത്തെ ആദ്യം പിന്തുണച്ചതെന്നും സിംഗ് പറയുന്നു.
രണ്ട് മാസത്തേക്ക് കളിപ്പാട്ടങ്ങൾ,റസ്റ്റോറൻ്റ് ഭക്ഷണം തുടങ്ങിയ ഇനങ്ങളുടെ ഫെഡറൽ സെയിൽസ് ടാക്സ് വെട്ടിക്കുറയ്ക്കാനും വസന്തകാലത്ത് 18.7 ദശലക്ഷത്തിലധികം കനേഡിയൻമാർക്ക് 250 ഡോളർ നൽകാനും സർക്കാർ കഴിഞ്ഞ ആഴ്ചയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട ജിഎസ്ടി അവധി ഡിസംബർ പകുതിയോടെ ആരംഭിച്ച് രണ്ട് മാസം നീണ്ടുനിൽക്കും. ജിഎസ്ടി അവധി പ്രഖ്യാപിക്കുന്നതിനുള്ള നിയമനിർമ്മാണം പാസാക്കുന്നതിനായുള്ള പ്രത്യേകാവകാശ സംവാദം താൽക്കാലികമായി നിർത്തിവയ്ക്കാൻ എൻഡിപി നേരത്തേ ആവശ്യപ്പെട്ടിരുന്നു.