കാനഡയിൽ ഉപഭോക്തൃ കടം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കടം 2.5 ട്രില്യൺ ഡോളറെന്ന റെക്കോഡിൽ എത്തിയതായി ക്രെഡിറ്റ് ബ്യൂറോകൾ പറയുന്നു. ഉയർന്ന ജീവിതച്ചെലവും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ആണ് ഉപഭോക്തൃ കടം മൂന്നാം പാദത്തിൽ റെക്കോർഡിലെത്താൻ കാരണമായി പറയുന്നത്. ആദ്യമായി പണം കടം വാങ്ങിയ ആളുകൾ തിരിച്ചടവ് മുടക്കിയതിൽ വലിയ വർദ്ധന ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കൂടുതലാണ് എന്നാണ് ഇക്വിഫാക്‌സിൻ്റെ റിപ്പോർട്ട് .
രാജ്യത്തേക്ക് പുതുതായി താമസത്തിന് എത്തുന്നവർക്ക് കനേഡിയൻ സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ വെല്ലുവിളികൾ നേരിടുന്നതായാണ് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും പുതുതായി രാജ്യത്ത് എത്തുന്നവരെ സാമ്പത്തിക സമ്മർദ്ദത്തിൽ ആക്കുന്നതായാണ് കാണുന്നതെന്ന് ഇക്വിഫാക്സ് അഡ്വാൻസ്ഡ് അനലിറ്റിക്സ് വൈസ് പ്രസിഡൻ്റ് റെബേക്ക ഓക്സ് പറഞ്ഞു. മൂന്നാം പാദത്തിൽ 1.3 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ വായ്പാ തിരിച്ചടവ് മുടക്കിയതയാി ബ്യൂറോ അറിയിച്ചു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 10.6 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ Gen Z ഉപഭോക്താക്കൾ ക്രെഡിറ്റ് വിപണിയിൽ പ്രവേശിച്ചതിനാൽ മൂന്നാം പാദത്തിൽ ,മൊത്തം ഉപഭോക്തൃ വായ്പാ കടം 4.1 ശതമാനം ഉയർന്നുവെന്ന് മറ്റൊരു ക്രെഡിറ്റ് ബ്യൂറോയായ ട്രാൻസ് യൂണിയൻ പറഞ്ഞു. കാനഡയിലെ മൊത്തം ഗാർഹിക കടത്തിൻ്റെ 45 ശതമാനവും മില്ലേനിയൽ, ജെൻ ഇസഡ് ഉപഭോക്താക്കളുടേതാണ്.