വിസ കാലാവധി കഴിയുന്നതോടെ 4.9 ദശലക്ഷം പേർ അടുത്ത വർഷത്തോടെ കാനഡ വിടുമെന്നാണ് പ്രതീക്ഷയെന്ന് ഇമ്മിഗ്രേഷൻ മന്ത്രി മാർക് മില്ലർ.കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. കാലഹരണപ്പെട്ട വിസകൾ ഉള്ളവർ സ്വമേധയാ രാജ്യം വിടുമെന്നാണ് സർക്കാറിൻ്റെ പ്രതീക്ഷയെന്ന് മില്ലർ പറഞ്ഞു.
സെപ്തംബർ 2024 നും ഡിസംബർ 2025 നും ഇടയിലാണ് വിസകളുടെ കാലാവധി അവസാനിക്കുന്നത് . വിസ കാലാവധി കഴിയുന്നവരെല്ലാം രാജ്യം വിടും എന്നതിന് എന്താണ് ഉറപ്പെന്ന് കമ്മിറ്റി മന്ത്രിയോട് ചോദിച്ചു. ഇക്കാര്യം നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കുമെന്നും വിസ കാലാവധി കഴിയുന്നവർ രാജ്യം വിടുന്നത് ഉറപ്പാക്കാൻ കാനഡ ബോർഡർ സർവ്വീസ് ഏജൻസി അടക്കം പ്രവർത്തിക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം വിസ കാലാവധി പൂർത്തിയാകുന്ന 766,000 വിദേശ വിദ്യാർത്ഥികളിൽ വർക്ക് പെർമിറ്റ് നൽകേണ്ടവർക്ക് അത് നൽകി, വിസ കാലാവധി പുതുക്കി നൽകുമെന്നും മന്ത്രി അറിയിച്ചു. കാനഡയിൽ രേഖകളില്ലാത്ത വിദേശികളുടെ എണ്ണം അഞ്ച് ലക്ഷത്തോളം ഉയർന്നതായി ഏപ്രിൽ 24ന് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്.