മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധന ആവശ്യം; പ്രമേയം പാസാക്കി കാല്‍ഗറി സിറ്റി കൗണ്‍സില്‍ 

By: 600002 On: Nov 27, 2024, 11:18 AM

 


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധന ആവശ്യമാണെന്ന പ്രമേയം പാസാക്കി കാല്‍ഗറി സിറ്റി കൗണ്‍സില്‍. ഈ നീക്കം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആരെയും തടയില്ലെന്നും പകരം കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ട് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വിശദമായ മികച്ച വിവരങ്ങള്‍ നല്‍കാനാണെന്ന് പ്രമേയം പാസാക്കിക്കൊണ്ട് കൗണ്‍സിലര്‍മാര്‍ പറയുന്നു. 

അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനാ ഫലവും സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ലോക്കല്‍ അതോറിറ്റീസ് ആക്ട്, അല്ലെങ്കില്‍ പ്രൊവിന്‍ഷ്യല്‍, ഫെഡറല്‍ ഇലക്ഷന്‍ ലെജിസ്ലേഷന്‍ എന്നിവ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാക്കപ്പെടുമെന്ന് സിറ്റി സ്റ്റാഫ് പറയുന്നു. നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിനും തെരഞ്ഞെടുപ്പ് ദിവസത്തിനും ഇടയില്‍ അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയും അയോഗ്യനാക്കപ്പെടും. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് ക്രിമിനല്‍ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള വ്യക്തികളാണെങ്കില്‍ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് പോകാനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമെന്നും കൗണ്‍സിലര്‍മാര്‍ വിശദീകരിച്ചു.