കാനഡയിലെ ഇമിഗ്രേഷൻ, അസൈലം സിസ്റ്റം എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ ഉടനെന്ന് മന്ത്രി മാർക്ക് മില്ലർ

By: 600110 On: Nov 26, 2024, 1:23 PM

ഇമിഗ്രേഷൻ, അസൈലം സിസ്റ്റം എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ നടപ്പാക്കാൻ ഒരുങ്ങി കാനഡ . മന്ത്രി മാർക്ക് മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിൽ എത്തുന്ന സ്ഥിരതാമസക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കാനും  താൽക്കാലിക തൊഴിലാളി പെർമിറ്റുകൾ സംബന്ധിച്ച കർശനമായ നിയമങ്ങൾ നടപ്പാക്കാനും തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്. കനേഡിയൻ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം  അഭയാർത്ഥികളുടെയും ഇതിനായുള്ള ക്ലെയിമുകളുടെയും ശരാശരി കാത്തിരിപ്പ് സമയം ഏകദേശം 44 മാസമാണ്. ആളുകളുടെ എണ്ണം കൂടുന്നതിനൊപ്പം സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും കാരണം അഭയാർത്ഥി സംവിധാനം വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് മന്ത്രി മില്ലർ തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു. 

കനേഡിയൻ പൌരത്വം ലഭിക്കുകയെന്നത് ആരുടെയും അവകാശമല്ലെന്ന് മില്ലർ പറഞ്ഞു. പെർമനൻ്റ് റസിഡൻ്റ് ആവുകയെന്നതും അവകാശമല്ല. ഇത് വ്യക്തമാക്കുന്നതിലൂടെ ആരോടും അന്യായമായി പെരുമാറുന്നു എന്ന് അർഥമാക്കേണ്ടതില്ല. പല ആവശ്യങ്ങൾക്കായി കാനഡയിലെത്തുന്നവർ വിസയിൽ പറഞ്ഞിരിക്കുന്ന കാലാവധി അവസാനിക്കുമ്പോൾ നിബന്ധനകൾ പാലിക്കാൻ തയ്യാറാകണമെന്നും മില്ലർ വ്യക്തമാക്കി.