കനേഡിയൻ, മെക്സിക്കൻ ഉല്പ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്

By: 600110 On: Nov 26, 2024, 11:48 AM

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലെത്തുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 
ജനുവരി 20-ന് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ഉടൻ തന്നെ ഈ ഉത്തരവ് നടപ്പാക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. 

ആയിരക്കണക്കിന് ആളുകളാണ് മെക്സിക്കോയിലൂടെയും കാനഡയിലൂടെയും അമേരിക്കയിലേക്ക് കടക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ഇവരിലൂടെ കുറ്റകൃത്യങ്ങളും മയക്കുമരുന്നും ഇതുവരെയില്ലാത്ത രീതിയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. അനധികൃതമായി കുടിയേറ്റവും അത് വഴിയുള്ള മയക്കുമരുന്ന് കടത്തും തടയാൻ ഇരു രാജ്യങ്ങളും നടപടിയെടുക്കുന്നത് വരെ താരിഫ് നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ കാനഡയും മെക്‌സിക്കോയും വളരെ വലിയ വില നൽകേണ്ടിവരുമെന്താണ് ട്രംപിൻ്റെ മുന്നറിയിപ്പ്. 10 ശതമാനം താരിഫ് ചുമത്തുക വഴി കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ  30 ബില്യൺ ഡോളറിൻ്റെ അധിക ബാധ്യതയാകും ഉണ്ടാവുക എന്ന്  കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ കയറ്റുമതിയുടെ 77 ശതമാനത്തിലധികവുംം യുഎസിലേക്കാണ് . യുഎസ് ഊർജ്ജ ഇറക്കുമതിയുടെ ഏറ്റവും വലിയ ഉറവിടവും കാനഡയാണ് . 2023 ൽ  കനേഡിയൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ  കയറ്റുമതി ചെയ്തിരിക്കുന്നത്  അമേരിക്കയിലേക്കാണ്.