കയറ്റുമതിക്ക് 25 ശതമാനം താരിഫ്; അമേരിക്കയുടെ തീരുമാനം ആല്‍ബെര്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കും 

By: 600002 On: Nov 26, 2024, 11:34 AM

 

 

ആല്‍ബെര്‍ട്ട അമേരിക്കയുടെ മികച്ച വ്യാപാര പങ്കാളിയായതിനാല്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച 25 ശതമാനം താരിഫ് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2023 ലെ പ്രവിശ്യയുടെ കയറ്റുമതിയുടെ 89 ശതമാനവും അമേരിക്കയുമായുള്ള വ്യാപാര ബന്ധം വഴിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ആല്‍ബെര്‍ട്ട അമേരിക്കയിലേക്ക് 156.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചെയ്തത്. കയറ്റുമതിയുടെ 73 ശതമാനവും ക്രൂഡ് പെട്രോളിയമാണ്. 

മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്നാണ് തിങ്കളാഴ്ച ട്രംപ് തന്റെ ഓഫീസിലെ ആദ്യ ദിവസം പ്രഖ്യാപിച്ചത്. കൂടാതെ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 10 ശതമാനം അധിക താരിഫും ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റം, അനധികൃത മയക്കുമരുന്ന് വ്യാപാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ട്രംപ് പങ്കുവെച്ചിരുന്നു.