നാറ്റോയിൽ നിന്ന് കാനഡ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

By: 600110 On: Nov 26, 2024, 11:17 AM

 

നാറ്റോ സഖ്യത്തിൽ നിന്ന് കാനഡ പിൻമാറണം എന്ന് ആവശ്യപ്പെട്ട് മോൺട്രിയലിൽ നാറ്റോ വിരുദ്ധ പ്രക്ഷോഭകരുടെ പ്രതിഷേധം. നാറ്റോ പ്രതിനിധികൾ യോഗം ചേർന്ന കൺവെൻഷൻ സെൻ്ററിന് നേരെയും അക്രമമുണ്ടായി. പ്രതിഷേധക്കാർ സ്മോക്ക് ബോംബുകൾ എറിയുകയും മെറ്റൽ ബാരിക്കേഡുകൾ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തതയാി പൊലീസ് പറഞ്ഞു.  സംഘർഷത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു .  

വിവിധ ഗ്രൂപ്പുകൾ ചേർന്ന് സംഘടിപ്പിച്ച പ്രകടനത്തിനിടെ നിരവധി കാറുകളും കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.കാനഡ നാറ്റോയിൽ നിന്ന് പുറത്തുകടക്കണമെന്ന് ആവശ്യപ്പെട്ടും 
പാലസ്തീൻ ഐക്യദാർഢ്യ പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ജിഡിപിയുടെ നിശ്ചിത ശതമാനം പ്രതിരോധ ചെലവുകൾക്ക് മാറ്റി വയ്ക്കണമെന്ന നാറ്റോയുടെ നയം കാനഡ പാലിക്കരുതെന്ന് Le Mouvement Québécois pour la Paix പ്രസിഡൻ്റ് ജാഡ് കബ്ബാൻജി പറഞ്ഞു.

മിഡിൽ ഈസ്റ്റും കിഴക്കൻ യൂറോപ്പും അടക്കമുള്ള മേഖലകളെ അസ്ഥിരതയിലേക്ക് തള്ളി വിടുന്ന നാറ്റോ, അനാവശ്യ സൈനിക ഇടപെടലുകൾ നടത്തുന്നതായും  പ്രക്ഷോഭകർ കുറ്റപ്പെടുത്തി.അമേരിക്കയെപ്പോലുള്ള നാറ്റോ അംഗങ്ങൾ നൽകുന്ന ആയുധങ്ങളില്ലാതെ ഗാസയിൽ ഇസ്രായേലിൻ്റെ സൈനിക നടപടി സാധ്യമാകില്ല. മുമ്പ് സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന രാജ്യങ്ങളെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് റഷ്യയെ ഉക്രെയ്‌ൻ ആക്രമിക്കാൻ പ്രേരിപ്പിച്ചത് എന്നും കബ്ബാൻജി പറഞ്ഞു