'16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം'; ഓസ്ട്രേലിയയോട് മെറ്റ

By: 600007 On: Nov 26, 2024, 10:47 AM

 

സിഡ്‌നി: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികൾ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോ​ഗിക്കുന്നത് പൂര്‍ണമായും വിലക്കാനുള്ള നടപടികള്‍ വൈകിപ്പിക്കണം എന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗൂഗിളും ഫേസ്‌ബുക്കും. സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് ആവശ്യമാണ് എന്നതാണ് ഗൂഗിളും ഫേസ്‌ബുക്കും ഓസ്ട്രേലിയന്‍ സര്‍ക്കാരിന് മുന്നില്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത് എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


പതിനാറോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളെ പൂര്‍ണമായും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്ന് വിലക്കാനാണ് ഓസ്ട്രേലിയ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ കഴിഞ്ഞയാഴ്‌ച ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചിരുന്നു. ബില്ലിന്‍മേല്‍ നിലപാട് അറിയിക്കാന്‍ വെറും ഒരു ദിവസത്തെ സമയമാണ് അനുവദിച്ചത്. പ്രായം തെളിയിക്കാനുള്ള വെരിഫിക്കേഷൻ ടെക്‌നോളജിയുടെ പരീക്ഷണ ഫലം വരുന്നത് വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്ന് മെറ്റയും ഗൂഗിളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ ഫലപ്രദമല്ല എന്നും കമ്പനികള്‍ വാദിച്ചു. നിലവിലെ ബില്ലില്‍ വ്യക്തക്കുറവുള്ളതായും വലിയ ആശങ്കകളുണ്ടെന്നും ടിക്‌ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാന്‍സ് പ്രതികരിച്ചു. വിദഗ്ദ ഉപദേശം തേടാതെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും മാനസികാരോഗ്യ സംവിധാനങ്ങളുടെ നിലപാട് അറിയാതെയുമാണ് ഓസ്ട്രേലിയ നിയമ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത് എന്ന് ബൈറ്റ്‌ഡാന്‍സ് കുറ്റപ്പെടുത്തി. കുട്ടികളുടെ മനുഷ്യാവകാശങ്ങളെ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് എക്‌സിന്‍റെ വിലയിരുത്തല്‍. 

സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് വാർത്താസമ്മേളനത്തിൽ രണ്ടാഴ്‌ച മുമ്പ് വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണമായും അതാത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായിരിക്കും എന്നും ആൽബനീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു