വിന്നിപെഗില്‍ പോലീസ് ഓഫീസറെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ വെടിവെച്ചുകൊന്നു

By: 600002 On: Nov 26, 2024, 9:33 AM

 


വിന്നിപെഗില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമാസക്തനായ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. ഞായറാഴ്ച പോര്‍ട്ടേജ് അവന്യുവിലെ യൂണിസിറ്റി ഷോപ്പിംഗ് സെന്റര്‍ പാര്‍ക്കിംഗ് ലോട്ടിലെ ബസ് ഷെല്‍ട്ടറിന് സമീപമാണ് സംഭവമുണ്ടായത്. കഴുത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥന്‍ അപകടനില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി. 

യുവാവിനെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ മുഴുവന്‍ സംഭവവും കാണിക്കുന്നില്ലെന്നും പൊതുജനങ്ങള്‍ ഇതുകണ്ട് പരിഭ്രാന്തരാകരുതെന്നും ആക്ടിംഗ് പോലീസ് ചീഫ് ആര്‍ട്ട് സ്റ്റന്നാര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ വീണ്ടും അക്രമാസക്തനായ പ്രതിയെ വെടിവെച്ചിടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. പോലീസ് ആരുടെയും ജീവനെടുക്കാനല്ല പ്രവര്‍ത്തിക്കുന്നതെന്നും കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

റീട്ടെയ്ല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് സ്ഥലത്തെത്തിയത്. മൂര്‍ച്ഛയുള്ള ആയുധവുമായി പോലീസിനെ ആക്രമിക്കാനെടുത്ത യുവാവിനോട് നിരവധി തവണ ആയുധം ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല. ആയുധം വീശി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് സ്റ്റന്നാര്‍ഡ് പറഞ്ഞു. പ്രതിക്കും ഉദ്യോഗസ്ഥനും സിപിആര്‍ നല്‍കുകയും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങി. മാനിറ്റോബ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചു.