ആക്രമണത്തിൽ നിന്ന് രക്ഷ തേടി പൊലീസിനെ വിളിച്ചയാൾ പൊലീസ് ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. നാൽപത്തിമൂന്നുകാരനായ ഡർഹാം ആണ് മരിച്ചത്. നെവാഡയിലെ ലാ വെഗാസിലാണ് സംഭവം.
വീട്ടിൽ ആരോ അതിക്രമിച്ചു കയറി എന്നും പതിനഞ്ചു വയസ്സുള്ള മകളും താനും അപകടത്തിലാണെന്നും ഡർഹാം 911 എന്ന നമ്പറിൽ പൊലിസിനെ വിളിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ അക്രമിയും ഡർ ഹാമും കത്തിയും വെച്ച് മൽപ്പിടിത്തം നടത്തുകയായിരുന്നു. പൊലീസ് വെടിയുതിർത്തതോടെ ഇരുവരും തറയിൽ വീണു . ഡർഹാം തൽക്ഷണം മരിക്കുകയും ചെയ്തു. അലക്സാണ്ടർ ബുക്ക്മാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഡർഹാമിനെ വെടിവെച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. ബുക്മാൻ തെറ്റുകാരനല്ലെന്ന് ലാ വെഗാസ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന യൂണിയൻ്റെ ജനറൽ കൗൺസൽ ഡേവിഡ് റോജർ പ്രസ്താവനയിൽ പറഞ്ഞു. ഡർഹാമിൻ്റെ മരണം ദാരുണമാണെങ്കിലും, ഓഫീസർ ബുക്ക്മാൻ തൻ്റെ ജോലി ചെയ്യുകയായിരുന്നുവെന്നും അതിനിടയിൽ സംഭവിച്ചതാണ് ഇതെന്നും പറഞ്ഞു. അതേ സമയം ബുക്മാനെതിരെ നടപടി വേണമെന്ന് ഡർഹാമിൻ്റെ കുടുംബം ആവശ്യപ്പെട്ടു.