കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഡീപ് ഫേക് വീഡിയോ ഉപയോഗിച്ച് തട്ടിപ്പ്, പലർക്കും നഷ്ടമായത് ആയിരക്കണക്കിന് ഡോളർ

By: 600110 On: Nov 25, 2024, 2:39 PM

കാനഡയിലേക്ക്എത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഡീപ് ഫേക്ക് വീഡിയോകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു.  പുതിയ ഇമിഗ്രേഷൻ നിയമങ്ങളെച്ചൊല്ലി ആശയക്കുഴപ്പം നിലനിൽക്കുന്ന സമയത്താണ് ചൂഷണം. 

ഇമിഗ്രേഷൻ അഭിഭാഷകനായ മാക്‌സ് ചൗധരിയുടെ പേരിൽ രണ്ട് വീഡിയോകളണ് പ്രചരിച്ചത്. എല്ലാ വിവരങ്ങളും യഥാർത്ഥമെന്ന് തോന്നിപ്പിക്കും വിധം ഉള്ളതാണ്. എന്നാൽ  യഥാർത്ഥത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൃഷ്ടിച്ച ഒരു ഡീപ്ഫേക്ക് വീഡിയോ ആണ് ഇതെന്ന് പിന്നീടാണ് വ്യക്തമാകുന്നത്. 7,000 ഡോളർ എപ്പോൾ അയയ്‌ക്കണം എന്ന് ചോദിച്ച് ഒരാൾ ചൗധരിയുടെ നിയമ സ്ഥാപനത്തിൻ്റെ ഓഫീസിലേക്ക് വിളിച്ചതിന് പിന്നാലെയാണ് വീഡിയോ ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. പണമാവശ്യപ്പെട്ടുള്ള സന്ദേശങ്ങളിൽ സംശയം തോന്നിയ ആൾ പണം നൽകുന്നതിന് മുൻപ് ചൗധരിയുടെ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും വലിയ അറിവില്ലാത്തവരാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. നിയമസഹായം നൽകുന്ന സ്ഥാപനം ആയതു കൊണ്ട് തന്നെ തൻ്റെ പേരിൽ കൂടുതൽ  കുടിയേറ്റക്കാർക്ക് ഇത്തരം വീഡിയോകൾ അയച്ചതായി സംശയിക്കുന്നുവെന്നും ഇത് ഭയപ്പെടുത്തുന്നുവെന്നും ചൗധരി പറഞ്ഞു. 

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻ്റ്  സിറ്റിസൻഷിപ്പ് കാനഡ (ഐആർസിസി) മുന്നറിയിപ്പ് നല്കി. സംശയങ്ങൾ ദൂരീകരിക്കാനും നടപടിക്രമങ്ങളെക്കുറിച്ച് അറിയാനും ഐആർസിസിയുടെ വെബ്സൈറ്റ് സന്ദർശിക്കാനും അധികൃതർ അറിയിച്ചു.