ലാവോസ് വിഷമദ്യ ദുരന്തം: കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Nov 25, 2024, 10:59 AM

 


മെഥനോള്‍ അടങ്ങിയ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ലാവോസില്‍ ആറ് പേര്‍ മരിച്ച സാഹചര്യത്തില്‍ കനേഡിയന്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. യാത്ര ചെയ്യുന്ന ഇടങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നവംബര്‍ 20 ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വാങ് വിയങ്ങിലെ ബാക്ക്പാക്കേഴ്‌സ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന 14 പേര്‍ക്കാണ് മായം കലര്‍ന്ന മദ്യത്തില്‍ നിന്നും വിഷബാധയേറ്റത്. യുകെ, ഓസ്‌ട്രേലിയ, അമേരിക്ക, ഡെന്‍മാര്‍ക്ക് എന്നിവടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മെഥനോള്‍ കലര്‍ന്ന കോക്‌ടെയിലുകള്‍ സഞ്ചാരികള്‍ കുടിച്ചതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ എവിടെ നിന്നാണ് മെഥനോള്‍ അടങ്ങിയ പാനീയങ്ങള്‍ വിറ്റതെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തുന്നതിനുളള അന്വേഷണം പുരോഗമിക്കുകയാണ്. 

ഈ പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരന്മാര്‍ മദ്യം കഴിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കാനും സൗജന്യമോ നിലവാരം കുറഞ്ഞതോ ആയ പാനീയങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.