ദുബായില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസ ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി. ഇത് സംബന്ധമായി ട്രാവല്‍ ഏജന്‍സികള്‍ക്ക് ദുബായ് ഇമിഗ്രേഷന്‍ അറിയിപ്പ് നല്‍കി. വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ക്യു ആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കില്‍ വീസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയേക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഈ രണ്ട് രേഖകളും കാണിച്ചാല്‍ മതിയായിരുന്നു. കൂടാതെ, രണ്ട് മാസത്തെ വീസയ്ക്ക് 5000 ദിര്‍ഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിര്‍ഹവും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.
ടൂറിസ്റ്റ് വീസകള്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ക്കാണ് അപേക്ഷിക്കാനാകുക. ട്രേഡിംഗ് കമ്പനികളും വ്യക്തികളും കുടുംബങ്ങളും അപേക്ഷിച്ചാല്‍ ലഭിക്കുന്നതാണ് സന്ദര്‍ശക വീസ. എന്നാല്‍ രണ്ട് വീസകളുടെയും നിയമങ്ങളും നിബന്ധനകളും ഒന്നു തന്നെ. പാക്കിസ്ഥാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇത്തരം നിബന്ധനകള്‍ നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്.