അമേരിക്കയിൽ ലിസ്റ്റീരിയ അണുബാധ പടരുന്നു

By: 600007 On: Nov 25, 2024, 5:53 AM

 

കാലിഫോർണിയ: അമേരിക്കയിൽ ലിസ്റ്റീരിയ അണുബാധ പടരുന്നു. അണുബാധ നിമിത്തം ഇരട്ടക്കുട്ടികളിൾ ഒരാൾ മരിക്കുക കൂടി ചെയ്തതിന് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പുമായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അണുബാധക്ക് കാരണമായെന്ന് കരുതുന്ന യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ റെഡി ടു ഈറ്റ് മീറ്റ് വിഭവങ്ങൾ യുഎസ് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചുവിളിച്ചിരിക്കുകയാണ്. കാലിഫോർണിയയിൽ മരിച്ച കുട്ടിയുടെ അമ്മയും അണുബാധയേ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. ഇവർ ഗർഭിണിയാണ്. ഇതിനോടകം 11 പേർക്കാണ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 

സൌത്ത് കരോലിന അടിസ്ഥാനമായി പ്രവർത്തിക്കുന്ന യു ഷാങ് ഫുഡ് പ്രൊഡക്ടസിന്റെ 32000 കിലോയിലേറെ റെഡി ടു ഈറ്റ് വിഭവങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഒക്ടോബർ 21ലാണ് ഈ നിർമ്മാതാക്കളുടെ ഉൽപന്നങ്ങളിൽ ലിസ്റ്റീരിയ അണുബാധ കണ്ടെത്തിയത്. ഏഴ് പേർ കാലിഫോർണിയയിലും രണ്ട് പേർ വീതം ഇല്ലിനോയിസിലും ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി ഓരോ ആളുകൾ വീതമാണ് അണുബാധയേ തുടർന്ന് ചികിത്സ തേടിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ മാത്രമായി അണുബാധ അവസാനിക്കാനുള്ള സാധ്യത ഇല്ലെന്നും കൂടുതൽ ആളുകൾ രോഗബാധിതരാവാനുള്ള സാധ്യതയും ഉണ്ടെന്നാണ് അമേരിക്കയിലെ ദേശീയ പൊതുജനാരോഗ്യ ഏജൻസി വിശദമാക്കുന്നത്.