ബെർട്ട് കൊടുങ്കാറ്റ്, ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും, കരകവിഞ്ഞ് നദികൾ

By: 600007 On: Nov 25, 2024, 5:44 AM

 

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന്ബ്രിട്ടനിൽ  കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം മഴയാണ് സൌത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും ചുരുങ്ങിയ സമയത്ത് പെയ്തത്. ജീവന് ആപത്കരമായ സാഹചര്യമാണ് നേരിടുന്നതെന്നാണ് സൌത്ത് വെയിൽസിലെ രക്ഷാപ്രവർത്തകർ പ്രതികരിക്കുന്നത്. 


കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബ്രിട്ടനിൽ പലയിടത്തുമുണ്ടായ പേമാരി പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. വലിയ നാശം വിതച്ച് പേമാരി ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. നൂറിലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പാണ് ബ്രിട്ടനിലെമ്പാടും നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ സ്കോട്ട്ലാൻഡിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് പ്രഖ്യാപനം.

തീരമേഖലകളോട് ചേർന്ന് മണിക്കൂറിൽ 65 മീറ്റർ മുതൽ 75 മീറ്റർ വരെ ശക്തിയിൽ മഴ പെയ്യുമെന്നാണ് സൂചന. കോൺവി നദിയിൽ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന് പിന്നാലെ ലണ്ടനിലെ റോയൽ പാർക്കുകൾ അടച്ചിട്ടിരിക്കുകയാണ്. റെയിൽ, റോഡ് ഗതാഗതത്തേയും കനത്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്.

 ഷെഫീൽഡിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിൻ അഞ്ച് മണിക്കൂർ വൈകി. തുടർന്നുള്ള ട്രെയിൻ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. സൌത്ത് വെയിൽസിൽ ടഫ് നദി കര കവിഞ്ഞൊഴുകി. തീരത്തുള്ള വീടുകളിലും വെള്ളം കയറി. വെള്ളിയാഴ്ച കൊടുങ്കാറ്റ് കര തൊട്ടതിന് പിന്നാലെ മഴക്കെടുതിയിൽ 5 പേരാണ് ഇതിനോടകം ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചിട്ടുള്ളത്.