ലോക ചെസ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ-ചൈന സൂപ്പ‍‍ർ പോരാട്ടം, ചരിത്രനേട്ടത്തിനായി ഡി ഗുകേഷ്

By: 600007 On: Nov 24, 2024, 12:40 PM

സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യൻഷിപ്പിന് നാളെ സിംഗപ്പൂരിൽ തുടക്കമാവും. ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനുമാണ് ലോക ചാമ്പ്യനാവാൻ മത്സരിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക. ചെസ്സിൽ പതിനെട്ടാമത്തെ ലോക ചാമ്പ്യനാവാനാണ് 18 കാരൻ ഡി ഗുകേഷ് മത്സരിക്കുന്നത്. നിലവിലെ ലോക ചാമ്പ്യനാണ് ചൈനയുടെ ഡിങ് ലിറൻ. ഡിസംബർ പതിനാല് വരെ നീണ്ടുനിൽക്കുന്ന കിരീടപ്പോരിൽ ആകെ 14 മത്സരങ്ങളാണുണ്ടാകുക.

ഓരോ മൂന്ന് മത്സരത്തിന് ശേഷവും വിശ്രമദിനം. ആദ്യ 40 നീക്കങ്ങൾക്ക് ഇരുവർക്കും 120 മിനിറ്റ് വീതം. തുടർന്നുള്ള നീക്കങ്ങൾക്ക് മൂപ്പത് മിനിറ്റും. ആദ്യം ഏഴര പോയിന്‍റ് നേടുന്നയാൾ പുതിയ ലോക ചാമ്പ്യനാകും. പതിനാല് മത്സരങ്ങൾക്ക് ശേഷവും ഇരുവരും ഒപ്പത്തിനൊപ്പമെങ്കിൽ അതിവേഗ സമയക്രമമുള്ള ടൈബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിക്കും.

റഷ്യയുടെ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചാണ്‌ ലിറെൻ കഴിഞ്ഞവർഷം ലോക ചാമ്പ്യനായത്. ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് ജയിച്ചാണെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഏഷ്യക്കാർ ഫൈനലിൽ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം ഇന്ത്യയിലെത്തിക്കാനാണ് ഗുകേഷ് കരുക്കൾ നീക്കുക.