കൊച്ചി: ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തീയറ്റര്‍ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.
സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍.കോം പറയുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്.
ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. സൂക്ഷ്‍മദര്‍ശിനിയിലൂടെ നസ്രിയയുടെ മികച്ച ഒരു തിരിച്ചുവരവാണ് എന്ന് അഭിപ്രായങ്ങളുമുണ്ട്.
ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.