ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ അധിക സുരക്ഷാ സ്ക്രീനിംഗ് ഒഴിവാക്കി കാനഡ സർക്കാർ

By: 600110 On: Nov 23, 2024, 7:57 AM

 

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കനേഡിയൻ സർക്കാർ ഏർപ്പെടുത്തിയ അധിക സുരക്ഷാ പരിശോധനാ നടപടികൾ നീക്കം ചെയ്തു. സുരക്ഷാ ആശങ്കകൾ കാരണം ഏർപ്പെടുത്തിയ അധിക സ്ക്രീംനിംഗാണ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കം  ഒഴിവാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി അനിത ആനന്ദിൻ്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 

യാത്രക്കാർക്കായി അധിക സുരക്ഷാ സ്ക്രീനിംഗ് നടത്തുന്നുണ്ടെന്ന് അനിതാ ആനന്ദ് തിങ്കളാഴ്ച ആയിരുന്നു പ്രഖ്യാപിച്ചത്. ഫ്ലെറ്റിന് നാല് മണിക്കൂർ മുമ്പ് തന്നെ എയർ പോർട്ടിൽ എത്തണം എന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ ആയിരുന്നു നൽകിയത്. കാനഡയിലെ വിമാനത്താവളങ്ങളിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരെയും അവരുടെ ബാഗേജുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 

കൊലപാതകം, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ കാനഡയിൽ നടക്കുന്ന വ്യാപകമായ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാർ പങ്കാളികളാണെന്ന് ആർസിഎംപി ആരോപണം ഉന്നയിച്ചിരുന്നു. എയർ ഇന്ത്യ വഴിയുള്ള ഒഴിവാക്കണമെന്നും, നിങ്ങളുടെ ജീവൻ അപകടത്തിലാക്കരുതെന്നുമുള്ള വീഡിയോയുമായി സിഖ് ഫോർ ജസ്റ്റിസ് സംഘടനയും രംഗത്തെത്തിയിരുന്നു. ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇക്കാര്യം കനേഡിയൻ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ്  സുരക്ഷ സ്ക്രീനിംഗ് ശക്തമാക്കിയത്.