ഇസ്രയേലിന് പിന്തുണ; മലേഷ്യയിലെ സ്റ്റാർബക്സിൻ്റെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

By: 600007 On: Nov 23, 2024, 3:53 AM

ഗസ്സയിൽ നടക്കുന്ന മനുഷ്യക്കുരുതിക്ക് കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് സ്റ്റാർബക്സിനെതിരെ അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ബഹിഷ്ക്കരണത്തിനൊപ്പം പങ്കുചേർന്ന് മലേഷ്യയും. മലേഷ്യയിലെ സ്റ്റാർബക്സിൻ്റെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി. സ്റ്റാർബക്സിൻ്റെ രാജ്യത്തുള്ള 408 ഔട്ട്ലെറ്റുകളിൽ 50 എണ്ണമാണ് അടച്ചത്. ഗസ-ഇസ്രയേൽ യുദ്ധമാണ് തങ്ങളുടെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ ഒരു കാരണമെന്ന് കമ്പനി സമ്മതിച്ചു.

കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായും ഓഗസ്റ്റിലെ ത്രൈമാസ റിപ്പോർട്ട് 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്ന് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാൽ അടച്ചുപൂട്ടലിൻ്റെ ഭാഗമായി ആർക്കും തൊഴിൽ നഷ്ടമാകില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തൊഴിലാളികളെ മറ്റ് സ്റ്റോറുകളിലേക്ക് പുനർനിയമിച്ചിട്ടുണ്ടെന്നും ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് പ്രധാനമായും ഈ തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു.