വരുമാന വിടവ് നികത്താൻ സിറ്റി കൌൺസിലിനോട് സഹായം തേടി കാൽഗറിയിലെ പൊതുഗതാഗത സംവിധാനമായ കാൽഗറി ട്രാൻസിറ്റ്. സബ്‌സിഡിയുള്ള ട്രാൻസിറ്റ് പാസുകൾ നൽകുന്നതിനായുള്ള 19 മില്യൺ ഡോളർ ഉൾപ്പെടെ കാൽഗറി ട്രാൻസിറ്റിന് ഈ വർഷം 33 മില്യൺ ഡോളറിൻ്റെ വരുമാന വിടവാണ് ഉള്ളത്. ഇത് നികത്തി മുന്നോട്ടു പോകുന്നതിനാണ് സിറ്റി കൌൺസിലിനോട് സഹായം തേടിയത്.
പ്രവർത്തന ഫണ്ടായി 13 മില്യൺ ഡോളറാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ കുറഞ്ഞ വരുമാനക്കാർക്കായുള്ള ട്രാൻസിറ്റ് പാസ് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്നതായി ഒറ്റത്തവണ വിഹിതം അനുവദിക്കാനും കാൽഗറി ട്രാൻസിറ്റ് സിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനസഹായം ലഭിച്ചില്ലെങ്കിൽ, നിർക്ക് വർദ്ധന ഉൾപ്പെടെ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് കാൽഗറി ട്രാൻസിറ്റ് ഡയറക്ടർ ഷാരോൺ ഫ്ലെമിംഗ് പറഞ്ഞു. കുറഞ്ഞ വരുമാനക്കാർക്കായുള്ള ട്രാൻസിറ്റ് പാസിന് കാൽഗറി ട്രാൻസിറ്റ് സ്വന്തമായി പണം എടുക്കേണ്ടി വന്നാൽ യാത്രാനിരക്ക് 14 ശതമാനം വർദ്ധിക്കുമെന്ന് ഫ്ലെമിംഗ് പറഞ്ഞു. 2025ൽ മുപ്പത്തി മൂന്ന് മില്ല്യൺ ഡോളർ വരുമാന കമ്മി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സിറ്റി കൗൺസിൽ മീറ്റിംഗിൽ അവതരിപ്പിച്ച 2025 കരട് ബജറ്റ് പാക്കേജ് അനുസരിച്ച്, സബ്‌സിഡിയുള്ള പാസ് പ്രോഗ്രാമിന് 2024-ൽ 52 മില്യൺ ഡോളറാണ് ചെലവ്.