നിരക്ക് വര്‍ധന,നോ-ഫോള്‍ട്ട് ക്ലെയിം; അനവധി മാറ്റങ്ങളുമായി പുതിയ ഓട്ടോ ഇന്‍ഷുറന്‍സ് സിസ്റ്റം അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Nov 22, 2024, 9:37 AM

 

 

നിരക്ക് വര്‍ധനയും പ്രധാനമായും നോ-ഫോള്‍ട്ട് ക്ലെയിം മോഡലിലേക്ക് മാറുന്നതും ഉള്‍പ്പെടെ ഓട്ടോ ഇന്‍ഷുറന്‍സില്‍ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. പുതിയ മാറ്റം പ്രകാരം, മിക്ക വാഹനാപകട കേസുകളിലും ഇരയായവര്‍ക്ക് അവരുടെ പരുക്കിന് ഉത്തരവാദിയായ ആള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. പകരം, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. 

പുതിയ സിസ്റ്റം വഴി വ്യവഹാര ചെലുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ ശരാശരി ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പ്രതിവര്‍ഷം 400 ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. കൂടാതെ, വാഹനങ്ങള്‍ കൂട്ടിയിടിച്ച് പരുക്കേറ്റവര്‍ക്ക് മികച്ച പിന്തുണയും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെയര്‍-ഫോക്കസ്ഡ് സിസ്റ്റമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കി. 

ഓട്ടോ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 7.5 ശതമാനം വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കി. മുന്‍പ് പരമാവധി 3.7 ശതമാനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ആലിപ്പഴം വീഴ്ച പോലുളള പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനും ഒപ്പം വര്‍ധിച്ചുവരുന്ന നിയമ ചെലവുകളും പേഔട്ടുകളും നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ഈ വര്‍ധന സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2027 ലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുകയുള്ളൂ. അത് വരെ കാനഡയിലെ മറ്റ് പ്രവിശ്യകളിലെ അപേക്ഷിച്ച് ആല്‍ബെര്‍ട്ട നിവാസികള്‍ക്ക് ഓട്ടോ ഇന്‍ഷുറന്‍സിനായി കൂടുതല്‍ ചെലവാക്കേണ്ടി വരും.