കാനഡയിൽ ഒക്ടോബർ മാസത്തിലെ പണപ്പെരുപ്പത്തിൽ വർധന

By: 600110 On: Nov 21, 2024, 10:50 AM

കാനഡയിൽ പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് ഉയർന്നായി റിപ്പോർട്ട്. ഒക്ടോബർ മാസത്തിലെ പണപ്പെരുപ്പമാണ് രണ്ട് ശതമാനത്തിലേക്ക് ഉയർന്നത്. സ്റ്റാറ്റിറ്റിക്സ് കാനഡയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.  ഗ്യാസ് വിലയിൽ കുറവുണ്ടായതിനെ തുടർന്ന് സെപ്റ്റംബറിൽ പണപ്പെരുപ്പം  1.6 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. മെയ് മാസത്തിന് ശേഷം പണപ്പെരുപ്പത്തിൽ വർധന രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. 

ഉയർന്ന വസ്തുനികുതിയും ഗ്യാസ് വിലയുമാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. വസ്തുനികുതിയിൽ ആറ് ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 4.3 ശതമാനം മാത്രമായിരുന്നു. പച്ചക്കറി - പലവ്യഞ്ജന വിലകൾ വർദ്ധിച്ചതും കഴിഞ്ഞ മാസം പണപ്പെരുപ്പം ഉയരാൻ കാരണമായി. സെപ്റ്റംബറിൽ പണപ്പെരുപ്പം കുറഞ്ഞതിനെ തുടർന്ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ 50 ബേസ് പോയിൻ്റിൻ്റെ കുറവ് വരുത്തിയിരുന്നു. അനുകൂല സാഹചര്യങ്ങളിൽ തുടരുകയാണെങ്കിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ബാങ്ക് ഗവർണ്ണർ ടിഫ് മാക്ലം വ്യക്തമാക്കിയിരുന്നു. ഒക്ടോബറിൽ പണപ്പെരുപ്പം കൂടിയ സാഹചര്യത്തിൽ പലിശ നിരക്കുമായി ബന്ധപ്പെട്ട് ബാങ്കിൻ്റെ അടുത്ത തീരുമാനം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.