ബ്രിട്ടീഷ് കൊളംബിയയില്‍ ആഞ്ഞടിച്ച ബോംബ് സൈക്ലോണ്‍ നാശം വിതച്ചു. പ്രവിശ്യയില്‍ ആയിരക്കണക്കിന് ആളുകള്‍ ഇരുട്ടിലായി. ബീസി ഹൈഡ്രോയുടെ കണക്കനുസരിച്ച് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതിയില്ല. വൈദ്യുതി വിച്ഛേദിക്കപ്പെട്ട ഉപയോക്താക്കളില്‍ ഭൂരിഭാഗവും വാന്‍കുവര്‍ ഐലന്‍ഡിലും ഗ്വാള്‍ഫ് ഐലന്‍ഡിലുമാണ്. നാനൈമോ, വിക്ടോറിയ, ഡങ്കന്‍, ലേഡിസ്മിത്ത്, പോര്‍ട്ട് ഹാര്‍ഡി എന്നിവയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന എണ്‍വയോണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
മെട്രോ വാന്‍കുവറിലും സണ്‍ഷൈന്‍ കോസ്റ്റിലും വൈദ്യുതി തകരാറുകള്‍ ഉണ്ടായതായി ബീസി ഹൈഡ്രോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതി ലൈനുകളും മരങ്ങളും വീണ് വാന്‍കുവര്‍ ഐലന്‍ഡിലെ ഒന്നിലധികം ഹൈവേകള്‍ അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ബീസി ഫെറീസിനെയും ശക്തമായ കൊടുങ്കാറ്റ് സാരമായി ബാധിച്ചു. മിക്ക സര്‍വീസുകളും റദ്ദാക്കിയിരുന്നു. അതേസമയം, തകരാറിലായ പവര്‍ ലൈനുകള്‍, തൂണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ജീവനക്കാര്‍ മാറ്റിസ്ഥാപിച്ചു വരികയാണെന്ന് സിറ്റി അറിയിച്ചു.