കുഞ്ഞമ്പിളി പോകുവാണ് 'മിനി മൂണ്‍' ഉടന്‍ അപ്രത്യക്ഷമാകും; ഇനി മടങ്ങിവരവ് 2055ല്‍

By: 600007 On: Nov 21, 2024, 7:50 AM

 

തിരുവനന്തപുരം: ഭൂമിയുടെ രണ്ടാം ചന്ദ്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 2024 പിടി5 ഛിന്നഗ്രഹം ഉടന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അപ്രത്യക്ഷമാകും. സെപ്റ്റംബര്‍ 29 മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ഈ അതിഥി ഇനി തിരിച്ചെത്താന്‍ 2055 വരെ കാത്തിരിക്കണം. കുറച്ച് നാളത്തേക്ക് എങ്കിലും ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണ് 2024 പിടി5 ഛിന്നഗ്രഹം. 


2024 സെപ്റ്റംബര്‍ 29നാണ് 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഭൂമിയുടെ താല്‍ക്കാലിക മിനി-മൂണ്‍ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. നാസയുടെ അറ്റ്‌ലസ് ഓഗസ്റ്റ് 7ന് കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് 33 അടിയായിരുന്നു ഏകദേശ വ്യാസം. നവംബര്‍ 25 വരെയാണ് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരുക. ഭൂമിയുടെ യഥാര്‍ഥ ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വലിപ്പത്തില്‍ തീരെ കുഞ്ഞനാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ശാസ്ത്രലോകത്തിന് വലിയ ആകാംക്ഷയാണ് 2024 പിടി5 ഛിന്നഗ്രഹം സമ്മാനിച്ചത്. അര്‍ജുന ഛിന്നഗ്രഹക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന 2024 പിടി5 ഭൂമിക്ക് യാതൊരു ഭീഷണിയുമില്ലാതെയാണ് രണ്ട് മാസക്കാലം ഭ്രമണം ചെയ്‌തത്. 

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവില്ലെങ്കിലും കറങ്ങിത്തിരിഞ്ഞ് 2024 പിടി5 ഛിന്നഗ്രഹം ഇനി ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ 2055 വരെ കാത്തിരിക്കണം എന്നാണ് നാസയുടെ അനുമാനം.