ബ്രാംപ്ടണില്‍ ഇന്ത്യന്‍ സ്വദേശിയായ പര്‍ബീര്‍ എന്ന 29കാരന് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും പിന്തുണയും അഭ്യര്‍ത്ഥിച്ച് കുടുംബവും സുഹൃത്തുക്കളും. നവംബര്‍ 9 ന് കെന്നഡി, മെയ്ഫീല്‍ഡ് റോഡുകള്‍ക്ക് സമീപമുള്ള ഇന്‍ഡെര്‍ ഹൈറ്റ്‌സ് ഡ്രൈവിലെ വീടിന് സമീപം വെച്ചാണ് പര്‍ബീറിന് വെടിയേറ്റത്. പര്‍ബീര്‍ ആയിരുന്നില്ല പ്രതികളുടെ ലക്ഷ്യമെന്നും ആളുമാറി വെടിവെച്ചതാണെന്നുമാണ് പീല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
സമീപകാലത്തായി പര്‍ബീര്‍ ഒരു ട്രക്ക് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില ജോലികള്‍ക്കായി ജീവനക്കാരെ വിളിക്കാനാണ് പ്രദേശത്തെത്തിയത്. ഈ സമയം ഒരു ബ്ലാക്ക് ഹോണ്ട സിവിക് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്നു. ഇതിലുണ്ടായിരുന്ന പ്രതികള്‍ ട്രക്കിന് സമീപമുണ്ടായിരുന്ന പര്‍ബീറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
തോളിലും നെഞ്ചിലും വാരിയെല്ലിനും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍ബീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ കൈയിലെ രണ്ട് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. സ്‌പൈനല്‍ കോഡിനും വെടിയേറ്റു. ഇതോടെ ജീവിതത്തില്‍ ഇനി എഴുന്നേറ്റ് നടക്കാന്‍ പര്‍ബീറിന് ആകില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നതെന്നും സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതം ഇത്രത്തോളം നശിപ്പിച്ച പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഭാര്യ മാത്രമാണ് പര്‍ബീറിന്റെ കൂടെ കാനഡയിലുള്ളത്. പെര്‍മനന്റ് റെസിഡന്‍സിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് പര്‍ബീര്‍. അതിനാല്‍ ഭാരിച്ച ചികിത്സാചെലവുകള്‍ക്ക് കവറേജ് ലഭിക്കില്ല. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പര്‍ബീറിനായി GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇതുവരെ 26,000 ഡോളര്‍ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.