കാനഡയിലെത്തുന്ന കുടിയേറ്റക്കാര്‍ രാജ്യം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. കാനഡയിലെത്തി 25 വര്‍ഷത്തിനുള്ളില്‍ അഞ്ച് കുടിയേറ്റക്കാരില്‍ ഒരാള്‍ മറ്റൊരു രാജ്യത്തേക്ക് പോകുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പും കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മൂന്നിലൊന്ന് പേര്‍ ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാനഡ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കൂടുതല്‍ ആളുകളെ കാനഡയില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
സാമ്പത്തിക കുടിയേറ്റക്കാരാണ് കാനഡ വിടാന്‍ ഏറ്റവും സാധ്യതയെന്നും അഭയാര്‍ത്ഥികളാണ് ഏറ്റവും കുറവ് രാജ്യം വിടുന്നതെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇങ്ങനെ കാനഡയെ ഒഴിവാക്കിയവരില്‍ ചിലര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ മറ്റ് രാജ്യങ്ങളെ തെരഞ്ഞെടുത്തതായും റിപ്പോര്‍ട്ട് പറയുന്നു.