ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സ്ക്രീനിംഗ് ശക്തമാക്കുമെന്ന് കനേഡിയൻ സർക്കാർ

By: 600110 On: Nov 20, 2024, 9:37 AM

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന് കനേഡിയൻ സർക്കാർ. ഫെഡറൽ ട്രാൻസ്‌പോർട്ട് മന്ത്രി അനിത ആനന്ദ് ആണ്  ഇക്കാര്യം അറിയിച്ചത്. സുരക്ഷ നടപടികളുടെ ഭാഗമായുള്ള സ്ക്രീനിംഗിനായി യാത്രക്കാർക്ക് കുറച്ച് നേരം കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം നടപടികൾ താൽക്കാലികമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കാനഡയിലെ വിമാനത്താവളങ്ങളിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരെയും അവരുടെ ബാഗേജുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീതിയെത്തുടർന്ന് ഇക്കാലൂയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്നാൽ പുതിയ നിർദ്ദേശത്തിന് ഈ സംഭവവുമായി  ബന്ധമില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സുരക്ഷാപരിശോധന കർശനമാക്കുന്നതിനുള്ള കാരണങ്ങൾ തല്ക്കാലം പരസ്യമാക്കാനാവില്ലെന്നും കനേഡിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ കാനഡയിൽ നടക്കുന്ന വ്യാപകമായ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർ പങ്കാളികളാണെന്ന് ആർസിഎംപി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  സുരക്ഷ സ്ക്രീനിംഗ് ശക്തമാക്കിക്കൊണ്ടുള്ള  പ്രഖ്യാപനം.