ഓട്ടോ ഇൻഷുറൻസ് പ്രീമിയത്തിൽ വർദ്ധന വരുത്താൻ ആൽബെർട്ട സർക്കാർ കമ്പനികൾക്ക് അനുവാദം നല്കിയേക്കും. മുൻപ് പരമാവധി 3.7 ശതമാനം വർധന മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ അതിലും കൂടുതൽ വർദ്ധനയ്ക്ക് അനുമതി നല്കിയേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. പിഴവുകളില്ലാത്തൊരു ഇൻഷുറൻസ് സംവിധാനം ലക്ഷ്യമിട്ട് ഈ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾക്കാണ് ആൽബർട്ട സർക്കാർ തുടക്കമിടുന്നത്. ഇതിലൂടെ സാധാരണക്കാരുടെ ഇൻഷുറൻസ് ചെലവ് കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
പുതിയ മാറ്റങ്ങൾ അനുസരിച്ച്, അപകടം സംഭവിച്ചാൽ, അതിന് ഉത്തരവാദിയായ ആൾക്കെതിരെ കേസ് കൊടുക്കാൻ അപകടം പറ്റിയ വ്യക്തിക്കാവില്ല. പകരം അപകടം പറ്റിയ ആളുടെ ഇൻഷുറൻസ് കമ്പനിയാണ് പരിക്കുകൾക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമുള്ള നഷ്ടപരിഹാരം നൽകേണ്ടത്. ആൽബർട്ടയിൽ ഓട്ടോ ഇൻഷുറൻസ് മേഖലയിൽ സമീപകാലത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്കാരമാണ് ഇത്. എന്നാൽ ഇത് നടപ്പിലാകാൻ രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന.അത് വരെ കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ട നിവാസികൾക്ക് ഓട്ടോ ഇൻഷുറൻസിനായി കൂടുതൽ ചെലവാക്കേണ്ടി വരും.