വർധിച്ച് വരുന്ന കുടിയേറ്റത്തിൽ കനേഡിയൻ ജനത ആശങ്കാകുലരാണെന്ന് പുതിയ സർവേ . കുടിയേറ്റമാണ് രാജ്യം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമെന്ന് 20 ശതമാനത്തിൽ അധികം പേരും വിശ്വസിക്കുന്നതായാണ് റിപ്പോർട്ട്. കനേഡിയൻ മ്യൂസിയം ഫോർ ഹ്യൂമൺ റൈറ്റ്സാണ് സർവ്വേ നടത്തിയത്.
സർക്കാർ പുതിയ പൗരൻമാർക്കും അഭയാർത്ഥികൾക്കും ആവശ്യത്തിലധികം ശ്രദ്ധ നൽകുന്നതായി കനേഡിയക്കാർക്ക് ആക്ഷേപമുണ്ട്. അഭയാർത്ഥികൾക്ക് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കുന്നതായും ഇവർക്ക് പരാതിയുള്ളതായി സർവേ കണ്ടെത്തി.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റത്തിനെതിരായ ജനവികാരം ഉയരുന്നതായാണ് സർവ്വെയുടെ വിലയിരുത്തൽ. ഓട്ടവ ഇമിഗ്രേഷൻ നടപടികളിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സർവ്വെ നടത്തിയത്. കുടിയേറ്റങ്ങൾ കുറയ്ക്കാൻ സർക്കാരിന് വേഗത്തിൽ പ്രവർത്തിക്കാമായിരുന്നു എന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടുത്തിടെയായിരുന്നു തുറന്നു പറച്ചിൽ നടത്തിയത്.