ടെക്‌സസ്: വീണ്ടും ലോകത്തെ അമ്പരപ്പിക്കാന്‍ അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ ഇലോണ്‍ മസ്‌കും സ്‌പേക് എക്‌സും! ലോകത്തെ ഏറ്റവും വലുതും കരുത്തേറിയതുമായ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണം ഇന്ന് നടക്കും. സൗത്ത് ടെക്‌സസില്‍ നവംബര്‍ 19ന് അമേരിക്കന്‍ സെന്‍ട്രല്‍ ടൈം 4.00 pmന് (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3:30 am) ആരംഭിക്കുന്ന അര മണിക്കൂര്‍ വിക്ഷേപണ വിന്‍ഡോയാണ് സ്പേസ് എക്‌സ് ഇതിനായി പദ്ധതിയിട്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഈ അപൂര്‍വ നിമിഷത്തിന് നേരില്‍ സാക്ഷിയായേക്കും എന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ണമായും പുനരുപയോഗം ചെയ്യാനാവുന്ന വിക്ഷേപണ വാഹനമെന്ന നിലയിലാണ് സ്റ്റാര്‍ഷിപ്പ് വിഭാവനം ചെയ്‌തിരിക്കുന്നത്. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഘട്ടത്തെ തിരികെയിറക്കി വായുവില്‍ വച്ച് യന്ത്രകൈകളില്‍ പിടികൂടിയ അഞ്ചാം പരീക്ഷണത്തിലെ ശാസ്ത്ര മാജിക് ആവര്‍ത്തിക്കുന്നതിനൊപ്പം മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടി ആറാം പരീക്ഷണദിനത്തില്‍ ഇലോണ്‍ മസ്‌കിന്‍റെ മനസിലുണ്ട്. ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പിന്‍റെ ആറ് റാപ്‌ടര്‍ എഞ്ചിനുകളില്‍ ഒന്ന് ജ്വലിപ്പിക്കുക എന്ന ഭഗീരഥ പ്രയത്നമാണ് ഇതിലൊന്ന്. ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കുള്ള ഭാവി വിക്ഷേപണ പദ്ധതികള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയാണിത്.
സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കാനും ബൂസ്റ്റര്‍ ശേഷി കൂട്ടാനും സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരുപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കാനും അപ്പര്‍ സ്റ്റേജില്‍ ഹീറ്റ്‌ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്താനും ആറാം പരീക്ഷണഘട്ടത്തില്‍ സ്പേസ് എക്‌സ് ലക്ഷ്യമിടുന്നു. പ്രൊപല്‍ഷ്യന്‍ സിസ്റ്റത്തിന്‍റെ അടക്കം കരുത്ത് കൂട്ടിയും ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും അപ്‌ഡേറ്റുകള്‍ വരുത്തിയുമാണ് സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തിന് സ്പേസ് എക്‌സ് തയ്യാറെടുക്കുന്നത്.