കാറിന്റെ ഡിക്കിയിൽ യുവതി മരിച്ച നിലയിൽ; ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ

By: 600007 On: Nov 18, 2024, 1:15 PM

 

ലണ്ടൻ: ബ്രിട്ടനിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി. ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം. 

ഈ മാസം തുടക്കത്തിൽ ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് അന്വേഷണത്തിൽനിന്ന് വ്യക്തമായതെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. നോർത്താംപ്ടൺഷെയറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഇൽഫോഡിലെത്തിച്ചു. ലാംബ ഇപ്പോൾ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാർ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കാഷ് പറഞ്ഞു.

ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു പറഞ്ഞ് ബുധനാഴ്ച പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ വീട്ടിൽ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്.