എന്‍ഡിപി അധികാരത്തിലെത്തിയാല്‍ അവശ്യവസ്തുക്കളുടെ ജിഎസ്ടി ഒഴിവാക്കുമെന്ന് ജഗ്മീത് സിംഗിന്റെ വാഗ്ദാനം 

By: 600002 On: Nov 18, 2024, 10:50 AM

 

തന്റെ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരിക്കുകയാണെങ്കില്‍ പ്രതിദിന അവശ്യവസ്തുക്കളില്‍ നിന്ന് ജിഎസ്ടി നീക്കം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാനഡയിലെ ജനങ്ങളുടെ ദൈനംദിന അവശ്യവസ്തുക്കള്‍ക്കും പ്രതിമാസ ബില്ലുകള്‍ക്കും ഇളവ് നല്‍കുമെന്ന് ടൊറന്റോയിലെ കനേഡിയന്‍ ക്ലബില്‍ സംസാരിക്കവേ പറഞ്ഞു. 

ഉയര്‍ന്ന വേതനം ഉണ്ടായിട്ടും പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കും കാരണം കനേഡിയന്‍ പൗരന്മാര്‍ പിന്നോക്കം പോവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം, ഹോം ഹീറ്റിംഗ്, സെല്‍ ഫോണ്‍ ബില്‍, ഇന്റര്‍നെറ്റ്, ഗ്രോസറി, കുട്ടികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എന്നിവയുടെ ജിഎസ്ടി നീക്കം ചെയ്യുമെന്നാണ് ജഗ്മീത് സിംഗ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. 

രാജ്യത്തെ സാധാരണ ജനങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ ഭൂവുടമകളും പലചരക്ക് ഉടമകളും എന്നത്തേക്കാളും കൂടുതല്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് അദ്ദോഹം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിന്, അതിസമ്പന്നരും വന്‍കിട കോര്‍പ്പറേഷനുകളും അവരുടെ ന്യായമായ വിഹിതം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് അധിക ലാഭ നികുതി ഏര്‍പ്പെടുത്താന്‍ എന്‍ഡിപി പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.