ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ കാൽഗറി കോ ഓപ്പറേറ്റീവും കാൽഗറി ട്രാൻസിറ്റുമായി ചേർന്നുള്ള ക്യാമ്പയിന് തുടക്കമായി. സ്റ്റഫ്-എ-ബസ് ഫുഡ് ഡ്രൈവ് എന്നാണ് ക്യാമ്പയിൻ്റെ പേര് . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാൽഗറി ഫുഡ് ബാങ്കിൻ്റെ ഉപയോഗം 200 ശതമാനം വർധിച്ചതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് മേയർ ജ്യോതി ഗോണ്ടെക് ആണ് സ്റ്റഫ്-എ-ബസ് ഫുഡ് ഡ്രൈവിന് തുടക്കമിട്ടത്.
കാമ്പയിൻ വഴി ആർക്കും ഭക്ഷ്യ ബാങ്കിലേക്ക് അവശ്യ സാധനങ്ങൾ നൽകാം. കാൽഗറിയിലുടനീളമുള്ള ഒരു ഡസനിലധികം കോ-ഓപ്പ് ലൊക്കേഷനുകളിൽ ബസുകൾ പാർക്ക് ചെയ്തിട്ടുണ്ട്. സംഭാവന ശേഖരിക്കാൻ 250-ലധികം സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. ആർക്കുവേണമെങ്കിലും സംഭാവന നൽകാമെന്ന് മേയർ പറഞ്ഞു.ഈ സമയത്ത് ഏത് സംഭാവനയും വളരെ വിലമതിക്കുന്നതാണ്. ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേർക്ക് നല്ല ഭക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അതിന് ഏവർക്കും അവരുടേതായ രീതിയിൽ സഹായിക്കാനുള്ള അവസരമാണിതെന്നുംജ്യോതി ഗോണ്ടെക് പറഞ്ഞു.