ചന്ദ്രന്‍റെ വിദൂരഭാഗത്ത് (ഭൂമിയില്‍ നിന്ന് കാണാത്ത വശം) ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപര്‍വത സ്ഫോടനങ്ങള്‍ നടന്നിരുന്നതായി ചൈനീസ്, അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍. ചൈനീസ് ചാന്ദ്രദൗത്യമായ Chang'e-6 ശേഖരിച്ച പാറക്കഷണങ്ങള്‍ വിശകലനം ചെയ്‌താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേച്ചര്‍, സയന്‍സ് ജേണലുകളില്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭൂമിയില്‍ നിന്ന് കാണുന്ന ചാന്ദ്ര ഭാഗത്ത് അഗ്നിപര്‍വതങ്ങളുള്ളതായി ശാസ്ത്രജ്ഞര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നു. എന്നാല്‍ ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്‍റെ മറുഭാഗം ഇവിടെ നിന്ന് നിരീക്ഷിക്കുമ്പോള്‍ ഇരുണ്ട പ്രദേശമായിരുന്നതിനാല്‍ അവിടുത്തെ വിവരങ്ങള്‍ രഹസ്യമായി തുടരുകയായിരുന്നു. ഇവയുടെ ചുരുളഴിക്കുന്ന തെളിവുകളാണ് ചൈന അയച്ച ചാന്ദ്ര പേടകമായ Chang'e-6 കണ്ടെത്തിയത്.
ചന്ദ്രന്‍റെ വിദൂര ഭാഗത്ത് നിന്ന് പൊടിയും പാറക്കഷണങ്ങളുമാണ് രണ്ട് മാസം നീണ്ട ദൗത്യത്തില്‍ ചൈനയുടെ Chang'e-6ചാന്ദ്രപേടകം ശേഖരിച്ചത്. ഇവയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്ക് ശേഷം രൂപപ്പെടുന്ന പാറക്കഷണങ്ങളുമുണ്ടായിരുന്നു. ഇവയെ റെഡിയോമെട്രിക് ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷകര്‍ വിശകലനം ചെയ്‌താണ് അഗ്നിപര്‍വത സ്ഫോടനാനന്തര പാറയുടെ കാലപ്പഴക്കം നിശ്ചയിച്ചത്. 4.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമല്ല, 2.83 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിട്ടും ചന്ദ്രനില്‍ അഗ്നിപര്‍വത സ്ഫോടനം നടന്നതായി ഗവേഷകര്‍ പറയുന്നു.
1959ല്‍ ചരിത്രത്തിലാദ്യമായി ചന്ദ്രന്‍റെ മറുഭാഗത്തെ സോവിയറ്റ് യൂണിയന്‍റെ ലൂണ 3 പകര്‍ത്തിയിരുന്നു. ഇതിന് ശേഷം പലതവണയായി ചന്ദ്രന്‍റെ വിദൂരഭാഗത്തിന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ഈ വർഷമാദ്യം Chang'e-6 ദൗത്യത്തിനിടെ ദൂരെയുള്ള പാറക്കെട്ടുകളിൽ ലാന്‍ഡ് ചെയ്‌തിരിക്കുന്ന ലാൻഡറിന്‍റെ സെൽഫിയെടുക്കാൻ ചൈന ഒരു ചെറിയ റോവറിനെ വിന്യസിച്ചിരുന്നു.