ദില്ലിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് ഇനി വെറും 60 മിനിട്ടിൽ താഴെ യാത്ര? സാധ്യമാണെന്ന് എലോൺ മസ്ക്

By: 600007 On: Nov 16, 2024, 1:46 PM

 

ന്യൂ‍യോർക്ക്: ദില്ലിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന അവകാശവാദവുമായി സ്പെയ്സ് എക്സ് ഉടമ എലോൺ മസ്ക്. തൻ്റെ കമ്പനിയായ സ്‌പേസ് എക്‌സ് റെക്കോർഡ് സമയത്തിനുള്ളിൽ യാത്രക്കാരെ പ്രധാന നഗരങ്ങളിൽ എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് മസ്ക് പറഞ്ഞു. നവംബർ 6-ന് എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോയോട് പ്രതികരിക്കവെയായിരുന്നു മസ്കിന്റെ അവകാശവാദം. 

ട്രംപിന്റെ ഭരണകാലത്ത് ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എർത്ത്-ടു-എർത്ത് ഫ്ലൈറ്റുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) അംഗീകാരം ലഭിച്ചേക്കുമെന്ന് ഉപയോക്താവ് പറഞ്ഞു. "ഏറ്റവും ദൈർഘ്യമേറിയ യാത്രകൾ 30 മിനിറ്റിനുള്ളിൽ. ഭൂമിയിലെവിടെയും ഒരു മണിക്കൂറിനുള്ളിൽ. ഇപ്പോൾ ഇത് സാധ്യമാണ്". സ്‌പേസ് എക്‌സിൻ്റെ സാങ്കേതികവിദ്യയുടെ സാധ്യതകളടങ്ങിയ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് മസ്ക് പറഞ്ഞു. നിരവധി ഉപയോക്താക്കളാണ് മസ്കിന്റെ പ്രതികരണത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

ലോസ് ഏഞ്ചൽസിനും ടൊറൻ്റോയ്ക്കും ഇടയിൽ 24 മിനിറ്റും ലണ്ടനും ന്യൂയോർക്കിനും ഇടയിൽ 29 മിനിറ്റും ദില്ലിയ്ക്കും സാൻ ഫ്രാൻസിസ്കോയ്‌ക്കുമിടയിൽ 30 മിനിറ്റും മാത്രമാണ് സ്‌പേസ് എക്‌സ് വിഭാവനം ചെയ്യുന്നതെന്ന് ഡെയ്‌ലി മെയിലിൻ്റെ റിപ്പോർട്ടിൽ പറയുന്നു.  സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച 395 അടി നീളമുള്ള ബഹിരാകാശ പേടകമായ സ്റ്റാർഷിപ്പിന് 1,000 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് സ്പേസ് എക്സ് ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.