സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള  എഡ്മന്റണ്‍ മേയറുടെ പ്രമേയം പരാജയപ്പെട്ടു 

By: 600002 On: Nov 16, 2024, 1:30 PM

 

 

തന്റെ ശമ്പളം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി എഡ്മന്റണ്‍ മേയര്‍ അമര്‍ജീത് സോഹി അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിരസിച്ചു. സിറ്റി കൗണ്‍സിലര്‍മാര്‍ ഏഴിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് മേയറുടെ പ്രമേയം നിരസിച്ചത്. എഡ്മന്റണിന്റെ ഫസ്റ്റ്-ടേം മേയര്‍ക്ക് 2024 ല്‍ അടിസ്ഥാന ശമ്പളം 216,585 ഡോളറാണ് ലഭിക്കുന്നത്. ഇത് സിറ്റിയുടെ ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സില്‍ കോമ്പന്‍സേഷന്‍ കമ്മിറ്റി നിശ്ചയിച്ച നിരക്കാണ്. കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെകിന്റെ ശമ്പളത്തിന് സമാനമായി സോഹി ഇത് 213,737 ഡോളറായി സജ്ജീകരിക്കാന്‍ ആഗ്രഹിച്ചു. 

രാഷ്ട്രീയക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ തങ്ങളുടെ ശമ്പളം നിശ്ചയിക്കേണ്ടതില്ലെന്ന് താന്‍ കരുതുന്നുവെന്ന് സോഹി പ്രമേയം പരാജയപ്പെട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഡ്മന്റണ്‍ രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ സാലറി ഫ്രീസ് ചെയ്തതാണെന്ന് കരുതുന്നു. കാല്‍ഗറി മൂന്ന് വര്‍ഷത്തേക്കും ഫ്രീസ് ചെയ്തു. ഇത് വിടവ് സൃഷ്ടിച്ചു. ഈ വിടവും പൊരുത്തക്കേടും പരിഹരിക്കുൃകയായിരുന്നു താന്‍ ചെയ്തതെന്ന് സോഹി പറഞ്ഞു. എന്തിനാണ് ഗോണ്ടെക്കിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളില്‍ നിന്നും ചില മാധ്യമങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം 122,363 ഡോളറാണ് സിറ്റി കൗണ്‍സിലര്‍മാരുടെ വാര്‍ഷിക ശമ്പളം. 
കൗണ്‍സിലര്‍മാരായ ടിം കാര്‍ട്ട്മെല്‍, മൈക്കല്‍ ജാന്‍സ്, ആരോണ്‍ പാക്വെറ്റ്, ജെന്നിഫര്‍ റൈസ്, മേയര്‍ സോഹി എന്നിവര്‍ ശമ്പളം പിന്‍വലിക്കുന്നതിന് വോട്ട് ചെയ്തു. കൗണ്‍സിലര്‍മാരായ സാറാ ഹാമില്‍ട്ടണ്‍, കാരെന്‍ പ്രിന്‍സിപ്പെ, എറിന്‍ റൂഥര്‍ഫോര്‍ഡ്, ആഷ്ലി സാല്‍വഡോര്‍, കെറന്‍ ടാങ്, ജോ-ആന്‍ റൈറ്റ്, ആന്‍ഡ്രൂ നാക്ക് എന്നിവര്‍ ഇതിനെതിരെ വോട്ട് ചെയ്തു.